ബാല്യകാല സഖി

ആര്‍ക്കു വേണ്ടി?

തിയേറ്ററിനകത്തുനിന്നയാള്‍ ഇറങ്ങിപ്പോന്നു. അപ്പോള്‍, സിനിമ ഒഴുക്കുനിലച്ച നദിയെപ്പോലെ പരന്നുകിടപ്പുണ്ടായിരുന്നു. പുറത്ത് മഴ വീശിയടിക്കുകയാണ്. ഇരുളിലൂടെ പെയ്യുന്ന മഴയെ നോക്കി ജുബ്ബയുടെ കീശയില്‍ നിന്നെടുത്ത ബീഡിക്കു തീകൊളുത്തി. പുക മഴയിലേക്ക് പറന്നു പോവുന്നതും മഴപ്പൊടികള്‍ കണ്ണടചില്ലിലേക്ക് ചിതറിവരുന്നതും കണ്ട് അയാള്‍ നിന്നു.

കുറ്റിബീഡി മഴച്ചാലിലേക്കെറിഞ്ഞ്, കാലന്‍കുട നിവര്‍ത്തി, ഉടുമുണ്ടിനറ്റം പൊക്കി പിടിച്ച് മഴയിലേക്ക് നടന്നു. ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ മരച്ചോട്ടില്‍ മഴ നനഞ്ഞാരോ നില്‍ക്കുന്നത് കണ്ടു. ആ മുഖം അയാള്‍ക്ക് പരിചിതമായിരുന്നു.

“മജീദേ...” അയാള്‍ വിളിച്ചു.

“സുഹറയുമുണ്ട്.” മഴയൊലിക്കുന്ന മുഖവുമായി മജീദ് പറഞ്ഞു.

സുഹറ കൈകള്‍ മാറോടുചേര്‍ത്ത് നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി മജീദിനു പിറകില്‍ നിന്ന് തല നീട്ടി. അവരോട് കുടയിലേക്ക് നില്‍ക്കാന്‍ അയാള്‍ ആംഗ്യം കാണിച്ചു.

കുടക്കീഴില്‍ അയാള്‍ക്കിരുവശത്തുമായി അവര്‍ നിന്നു. നടന്നു നീങ്ങുമ്പോള്‍ അവരയാളോട് സംസാരിച്ചുകൊണ്ടിരുന്നു. അയാളെല്ലാം കേട്ടു.

“സിനിമയുടെ തിരക്കഥ കുറേ തവണ മാറ്റിയെഴുതിയത്രെ.!” മജീദ് പറഞ്ഞു.

“ആര്‍ക്കു വേണ്ടി?” അയാളവരെ മാറിമാറി നോക്കി പറഞ്ഞു. “നിങ്ങള്‍ക്ക് വേണ്ടിയല്ല.”

അപ്പോള്‍, മജീദ് തിയേറ്റര്‍ കവാടത്തില്‍ കെട്ടി വെച്ച സിനിമയിലെ നായകന്റെ കൂറ്റന്‍ കട്ടൗട്ടിലേക്ക് നോക്കി അനക്കമറ്റു നിന്നു. അത് മാനത്തേക്കുയര്‍ന്നു നില്‍ക്കുന്നു. സുഹറയും അയാളും തലയുയര്‍ത്തി നോക്കി. കുട കാറ്റില്‍ പറന്നു പോയി. അവരുടെ കൈകള്‍ പിടിച്ച് അയാള്‍ മഴയിലൂടെ നടന്നു.

16-Oct-2016

കാഴ്ച മുന്‍ലക്കങ്ങളില്‍

More