മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥുതന്നെ മുഖ്യമന്ത്രിയാകും. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് സാധ്യത. ഭൂരിപക്ഷം തീരെ കുറവായതാണ് പിസിസി അധ്യക്ഷന്‍ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിന് തടസമാവുന്നത്. കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ ഛത്തീസ്ഗഢിലാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശികള്‍ കൂടുതലുള്ളത്. ലോക്സഭാംഗമായ തമ്രദ്വാജ് സാഹു, പിസിസി അധ്യക്ഷന്‍ ഭൂപേഷ് ഭാഗല്‍, പ്രതിപക്ഷനേതാവ് ടി എസ് സിങ്ദിയോ, മുന്‍ കേന്ദ്രമന്ത്രി ചരണ്‍ദാസ് മഹന്ത് എന്നിവരൊക്കെ പട്ടികയിലുണ്ട്.
ഒരു ഘട്ടത്തില്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്ത നേതാവാണ് കമല്‍നാഥ്. പിന്നീട് രാഹുല്‍ഗാന്ധി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പ്രചാരണകാലത്ത് കമല്‍നാഥിന്റെ നേതൃത്വം സംസ്ഥാനത്തെ മറ്റൊരു പ്രമുഖനായ ജ്യോതിരാദിത്യ സിന്ധ്യ അംഗീകരിക്കുകയും ചെയ്തു. അതിനാല്‍, തല്ക്കാലം തര്‍ക്കത്തിലേക്ക് നീങ്ങാന്‍ സാധ്യതയില്ല. തെലങ്കാനയില്‍ കെ ചന്ദ്രശേഖരറാവു തുടരും. മിസോറമില്‍ എംഎന്‍എഫ് നേതാവ് സോറംതാങ്ങ മുഖ്യമന്ത്രിയാകും.