ബെംഗളൂരു: മൈസൂരു ചാമരാജ നഗറിലെ മാരമ്മ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ച് 11 പേര്‍ മരിച്ച സംഭവത്തിൽ രണ്ടു ക്ഷേത്ര ജീവനക്കാര്‍ കസ്റ്റഡിയില്‍. ക്ഷേത്ര ഭരണസമിതിയിലെ ഒരംഗത്തെയും ക്ഷേത്രം മാനേജരെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തക്കാളിച്ചോറും പഞ്ചാമൃതവുമാണ് പ്രസാദമായി നൽകിയത് വിശദമായ ഫോറൻസിക് പരിശോധനകൾക്കു ശേഷമേ ഏതു തരം വിഷമാണ് കലർന്നതെന്നു അറിയാൻ സാധിക്കുകയുള്ളു.
68 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട് ,ഇതില്‍ 14 പേര്‍ വെന്റിലേറ്ററിലാണ്, പലർക്കും ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഗോപുര നിര്‍മാണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ശേഷം വിശ്വാസികൾക്ക് നൽകിയ പ്രസാദമാണ് ദുരന്തം വരുത്തിവച്ചത്. ക്ഷേത്ര ഭരണ സമിതിയിൽ നിലനിന്നിരുന്ന തർക്കങ്ങളുടെ അടിസ്ഥാനത്തിലാണ് സംശയം ഭരണ സമിതിയിലേക്ക് നീങ്ങിയതും അറസ്റ്റ് നടന്നതും. പ്രസാദവശിഷ്ടങ്ങൾ കഴിച്ചു പക്ഷികളും പശുക്കളും ചത്തിട്ടുണ്ട്.