കേരളത്തിൽ പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രശാന്ത് ഭൂഷന്റെയും പി. ചിദംബരത്തിന്റെയും പ്രതികരണത്തോടെയായിരുന്നു ഈ നിയമഭേദഗതി ദേശീയ തലത്തിലും വലിയ രീതിയില്‍ ചര്‍ച്ചയായത്.
സ്വതന്ത്രമായ പൊതുജന അഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിയുന്നതില്‍ ആശ്വാസമുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.

തനിക്ക് ഈ വാര്‍ത്തയറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. നിയമ ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തിരുന്നു.