ശക്തമായ ത്രികോണമത്സരം നടന്ന ഏതാനും മണ്ഡലങ്ങളൊഴിച്ച് മറ്റിടങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചതോടെ കളംവിട്ട് ബിജെപി. സംസ്ഥാന വ്യാപകമായി ഇത്തരത്തിൽ ബൂത്തുകളിൽനിന്ന് പിൻവലിഞ്ഞ ബിജെപി വോട്ടുമറിച്ചുനൽകി. ബിജെപിക്ക് പുറമെ എൻഡിഎ ഏജന്റുമാരും പലയിടത്തും ബൂത്തുകളിൽ ഇരുന്നില്ല. ചിലയിടങ്ങളിൽ യുഡിഎഫുമായി സഹകരിച്ചുള്ള സ്ലിപ്പ് വിതരണമായിരുന്നു.

കളമശേരിയിൽ യുഡിഎഫുമായി ഡീൽ ഉറപ്പിച്ച് പോളിങ് ദിവസവും ബിജെപി പൂർണ്ണമായും വിട്ടുനിന്നു. ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച പി എസ് ജയരാജ് പ്രചാരണരംഗത്തും സജീവമായിരുന്നില്ല. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയോ നോട്ടീസുകളോ വീടുകളിൽ എത്തിയില്ല. ഒരു സ്ക്വാഡ് പോലും ഇറങ്ങിയില്ല. കൊച്ചി മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ സ്ഥാനാത്ഥിക്കൊപ്പം പ്രദേശിക നേതാക്കൾ ഉണ്ടായിരുന്നില്ല. തൃപ്പൂണിത്തുറയിൽ തീരമേഖലകളിൽ വ്യപകമായി വോട്ട് മറിക്കൽ നടന്നു. തെരഞ്ഞെടുപ്പിന് തലേന്ന് ബിജെപിക്ക് വോട്ടു ചെയ്യരുതെന്ന പോസ്റ്ററുകൾ ശബരിമല കർമ്മസമിതിയുടെ പേരിൽ പുറത്തിറക്കിയിരുന്നു. എറണാകുളം മണ്ഡലത്തിലും പല ബൂത്തുകളിലും പ്രവര്‍ത്തകർ ഉണ്ടായിരുന്നില്ല.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി, ഇരവിപുരം, കൊട്ടാരക്കര, കൊല്ലം, കുണ്ടറ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ വോട്ടെടുപ്പ് ആരംഭിച്ചതോടെ കളംവിട്ടു. വോട്ടെടുപ്പ് കേന്ദ്രങ്ങൾക്ക് പുറത്തെ ബൂത്തുകൾ ഒഴിഞ്ഞുകിടന്നു. ദുർബലരെ സ്ഥാനാർത്ഥിയാക്കിയതിൽ ബിജെപിക്കാർക്കിടയിലും പ്രതിഷേധമുയർന്നിരുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥികൾ മത്സരിച്ച കുണ്ടറയിലും ഇരവിപുരത്തും പ്രചാരണം പേരിനുമാത്രമായി. കരുനാഗപ്പള്ളിയിൽ ആർഎസ്എസ് നേതൃത്വത്തിൽ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചതായും ആരോപണമുണ്ട്. ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടാണ് ബിജെപി ഏറ്റവുമധികം പോളിങ് ഏജന്റുമാരെ പിൻവലിച്ചത്.

കായംകുളത്ത് ശക്തികേന്ദ്രങ്ങൾ എന്ന് ബിജെപി അവകാശപ്പെടുന്ന പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലും ഏജന്റുമാരുണ്ടായില്ല. ചേർത്തല തെക്ക് പഞ്ചായത്തിൽ മുഴുവൻ ബിജെപി ഏജന്റുമാരും സ്ഥലംവിട്ടു. കടുത്ത പോരാട്ടം നടക്കുന്ന മലപ്പുറം നിലമ്പൂർ മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ഉണ്ടായില്ല. ബിജെപി ജയിച്ച നിലമ്പൂർ നഗരസഭയിലെ കോവിലകത്ത്മുറി ഡിവിഷനിലും പ്രവർത്തനം മന്ദഗതിയിലായിരുന്നു. അരൂരിൽ രാവിലെ മുതൽ ബൂത്തുകളിൽ പ്രവർത്തകർ ഉണ്ടായിരുന്നില്ല.

കണ്ണൂർ ജില്ലയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത തലശേരിയോടൊപ്പം അഴീക്കോട്, കണ്ണൂർ, കൂത്തുപറമ്പ്, പേരാവൂർ മണ്ഡലങ്ങളിലും യുഡിഎഫുമായി ഒത്തുകളി നടന്നു. രാവിലെ മുതൽ ഇവിടങ്ങളിലെല്ലാം ബിജെപി നിർജീവമായിരുന്നു. പല ബൂത്തുകളിലും ഏജന്റുമാരുമുണ്ടായില്ല.

തൃശൂർ ജില്ലയിൽ പലയിടങ്ങളിലും ബിജെപിക്ക് ബൂത്തുമില്ല, ബൂത്ത് ഏജന്റുമാരുമുണ്ടായില്ല. ബിജെപി പത്രിക തള്ളിപ്പോയ ഗുരുവായൂർ മണ്ഡലത്തിൽ ഇത് കൂടുതൽ പ്രകടമായി. തൃശൂർ മണ്ഡലത്തിലും പല ബൂത്തുകളിലും ബിജെപി ഏജന്റുമാരില്ല. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ഡിവിഷനുകളിലും ബൂത്ത്തല പ്രവർത്തനം കുറവായിരുന്നു. സ്ഥാനാർത്ഥി സുരേഷ് ഗോപി രാവിലെ പേരിന് ഏതാനും ബൂത്തുകൾ സന്ദർശിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി.

കോട്ടയത്ത് പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ പരസ്യമായി യുഡിഎഫിന് മറിച്ചു. കോട്ടയം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ നൂറിലേറെ പോളിങ്ബൂത്തിൽ ബിജെപിക്ക് ഏജന്റുമാരില്ലായിരുന്നു. കുമരകത്ത് ബിജെപിയുടെ പഞ്ചായത്ത് മെമ്പർ വോട്ടെടുപ്പിന് തലേദിവസം വീടുകയറി യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.