കുഞ്ഞിക്കിളികള്‍
ദുര്‍ഗ മനോജ്
സൂര്യന് കുട്ടിയുടെ വരവ് കണ്ടപ്പോള്‍ മെല്ലെ അമ്പിളിമാമന് അവന്റെ കവിളിലൊരു നുള്ളുകൊടുത്ത് സലാം പറഞ്ഞു. കള്ളിച്ചിരിയോടെ അത് സ്വീകരിച്ച് സൂര്യന്‍കുട്ടി പതിയെ പടിഞ്ഞാറേക്ക് യാത്ര തുടങ്ങി. അങ്ങ് ആകാശത്ത് അതൊക്കെ സംഭവിക്കുമ്പോള്‍, ഇങ്ങ് താഴെ ഭൂമിയില്‍ ജോര്‍ജ്ജ് മാഷിന്റെ വീടിന്റെ അടുക്കളമുറ്റത്തെ നിറയെ പൂത്ത മൈലാഞ്ചിചെടിയില്‍ കലപിലാ ബഹളം കൂട്ടുകയായിരുന്നു കുഞ്ഞിക്കുരുവിയും കൂട്ടുകാരിയും. ബഹളത്തിന് കാരണം വേറൊന്നുമായിരുന്നില്ല. കുഞ്ഞിക്കുരുവികള്‍ക്ക് കൂടുണ്ടാക്കണം. എപ്പോഴും വന്നിരിക്കുന്ന മൈലാഞ്ചിച്ചെടിയില്‍ തന്നെയാകാം എന്നോര്‍ക്കുമ്പോഴാ കൂട്ടുകാരിക്കിളി ഒരു പ്രശ്നം മുന്നോട്ട് വച്ചത്. മൈലാഞ്ചി മരം വളര്‍ന്നിരിക്കുന്നു. വേണമെങ്കില്‍ ഒരു പൂച്ചയ്ക്ക് മരച്ചില്ലയില്‍ കയറി ഒറ്റത്തട്ടിന് കൂട് തകര്‍ക്കുവാനാകും. അതുകൊണ്ട് മൈലാഞ്ചിയില്‍ കൂട് കൂട്ടാന്‍ പറ്റില്ല. |
കൂടൊരുക്കല്‍
അമ്പിളിയമ്മാവന് പറഞ്ഞുകൊടുത്ത കഥകള്‍ കേട്ട് ആകാശവീട്ടിലെ നക്ഷത്രക്കുഞ്ഞുങ്ങള്‍ ഉറക്കം പിടിച്ചു. അവള്ക്കുമ്മകൊടുത്ത്, പതഞ്ഞൊഴുകിയ പാല് നിലാവ് പുതച്ച്, ഒരു കോട്ടുവായുമിട്ട് അമ്പിളിയമ്മാവന് സൂര്യന്കുട്ടിയുടെ വരവും കാത്തിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ശ്ശെടാ, ഈ സൂര്യന് കുട്ടി എന്താ ഇനിയും വൈകുന്നത് എന്ന് അമ്മാവന് പരിഭവിച്ചു തുടങ്ങി. അമ്മാവന്റെ പരിഭവം പറച്ചില് അതുവഴി കടന്നുപോയ മേഘം കേട്ടു. അവന് പറഞ്ഞു അതേയതേ അമ്മാവാ, ഈയിടെയായി സൂര്യന്കുട്ടിക്ക് മടി വല്ലാതെ കൂടുന്നുണ്ട്.
പക്ഷേ മേഘത്തിന്റെ പക്ഷം പിടിക്കല്‍ അമ്മാവനു തീരെ രസിച്ചില്ല. അമ്മാവന് സൂര്യന്കുട്ടിയെ കുറ്റം പറയും. എന്ന് വച്ച് മറ്റാരും അത് ഏറ്റുപിടിക്കുന്നത് അമ്മാവനിഷ്ടമല്ല. അതുകൊണ്ട് കണ്ണുരുട്ടി ആ മേഘത്തിനെ അമ്മാവന് വേഗം അവിടുന്ന് ഓടിച്ച് വിട്ടു.
അമ്മാവന്റെയീ ബഹളം കേട്ട് ആകാശവീട്ടിലെ ആകാശമുത്തശ്ശി സൂര്യന് കുട്ടിയോട് വിളിച്ചു ചോദിച്ചു. "അല്ലെന്റെ സൂര്യന് കൂട്ടി..... ഇതെന്തൊരുറക്കമാണ്. എണീക്കാന്‍ ഭാവമില്ലേ?"
സത്യത്തില്‍ സൂര്യന്‍കുട്ടി ഉറങ്ങുകയൊന്നുമായിരുന്നില്ല. അമ്മാവന്റെ പരിഭവും മുത്തശ്ശിയുടെ ചോദ്യവും ഒക്കെകേട്ട് വെറുതേ കണ്ണും ചിമ്മിക്കിടക്കുകയായിരുന്നു. മുത്തശ്ശികൂടി ഇടപെട്ടതോടെ സൂര്യന്‍കുട്ടി എണീക്കാന്‍ തന്നെ തീരുമാനിച്ചു.
പതിയെ മൂരി നിവര്‍ത്തി, ഒന്ന് കോട്ടുവായിട്ട്, തിളച്ച എണ്ണയില്‍ നിന്നും പൊങ്ങിവരുന്ന വലിയൊരു നെയ്യപ്പം പോലെ സൂര്യന്‍കുട്ടി ആകാശമുറ്റത്തേയ്ക്ക് പൊങ്ങി.
സൂര്യന് കുട്ടിയുടെ വരവ് കണ്ടപ്പോള്‍ മെല്ലെ അമ്പിളിമാമന് അവന്റെ കവിളിലൊരു നുള്ളുകൊടുത്ത് സലാം പറഞ്ഞു. കള്ളിച്ചിരിയോടെ അത് സ്വീകരിച്ച് സൂര്യന്‍കുട്ടി പതിയെ പടിഞ്ഞാറേക്ക് യാത്ര തുടങ്ങി.
അങ്ങ് ആകാശത്ത് അതൊക്കെ സംഭവിക്കുമ്പോള്‍, ഇങ്ങ് താഴെ ഭൂമിയില്‍ ജോര്‍ജ്ജ് മാഷിന്റെ വീടിന്റെ അടുക്കളമുറ്റത്തെ നിറയെ പൂത്ത മൈലാഞ്ചിചെടിയില്‍ കലപിലാ ബഹളം കൂട്ടുകയായിരുന്നു കുഞ്ഞിക്കുരുവിയും കൂട്ടുകാരിയും. ബഹളത്തിന് കാരണം വേറൊന്നുമായിരുന്നില്ല. കുഞ്ഞിക്കുരുവികള്‍ക്ക് കൂടുണ്ടാക്കണം. എപ്പോഴും വന്നിരിക്കുന്ന മൈലാഞ്ചിച്ചെടിയില്‍ തന്നെയാകാം എന്നോര്‍ക്കുമ്പോഴാ കൂട്ടുകാരിക്കിളി ഒരു പ്രശ്നം മുന്നോട്ട് വച്ചത്. മൈലാഞ്ചി മരം വളര്‍ന്നിരിക്കുന്നു. വേണമെങ്കില്‍ ഒരു പൂച്ചയ്ക്ക് മരച്ചില്ലയില്‍ കയറി ഒറ്റത്തട്ടിന് കൂട് തകര്‍ക്കുവാനാകും. അതുകൊണ്ട് മൈലാഞ്ചിയില്‍ കൂട് കൂട്ടാന്‍ പറ്റില്ല. പിന്നെവിടെയാണ് കൂടുകൂട്ടുക? ആ ആലോചനയാണ് മൈലാഞ്ചി മരത്തില്‍ തകൃതിയായി നടക്കുന്നത്. ഈ ബഹളം ഒക്കെ കണ്ടപ്പോള്‍ മൈലാഞ്ചി മരത്തിന് നേരെ എതിര്‍ഭാഗത്ത് നില്ക്കുന്ന മന്ദാരച്ചെടി അവളുടെ കുഞ്ഞുചില്ലയില് കൂടുകൂട്ടുവാന്‍ കിളികള്‍ക്ക് അനുവാദം കൊടുത്തു. തത്ക്കാലം ബഹളമൊന്നടങ്ങി. ഒന്ന് മുട്ടയിടാന്‍ എന്തെല്ലാം സഹിക്കണം. കുഞ്ഞിക്കുരുവി ഓര്‍ത്തു.
ദുരെ കിഴക്ക് ചുവന്ന വട്ടത്തില്‍ സൂര്യന് പൂര്‍ണ്ണമായും പുറത്ത് വന്നപ്പോള്‍ ഈ സൂര്യനിതെന്തൊരു ചന്തമാ? എന്നോര്‍ത്ത് അച്ചാമ വീടിന് പുറത്തേക്കിറങ്ങി. മുറ്റത്തെ കിളിമരത്തില്‍ പടര്‍ന്നു കയറിയ നാടന്‍ മുല്ലയില്‍ പൂത്ത നാലു പൂക്കള്‍ നിലത്ത് വീട് കിക്കുന്നു. വെറുതേ ഒന്നു രണ്ടെണ്ണം കുനിഞ്ഞെടുത്ത് വാസനിക്കുമ്പേഴേക്കും അന്നത്തെ പത്രം കാല്‍ച്ചുവട്ടിലേയ്ക്ക് പറന്നു വന്നു വീണു. അതുമെടുത്ത് അച്ചാമ്മ വീടിനുള്ളിലേയ്ക്ക് കയറിപ്പോയി.
ഈ സമയം മന്ദാരച്ചെടിയിര് കുഞ്ഞിക്കിളിയും കൂട്ടുകാരിയും അന്ന് പൂത്ത പൂവിന്റെ ചോട്ടിലെ മൂന്നിലകള്‍ കൂട്ടിത്തയ്ച് കൂടൊരുക്കുവാന്‍ തുടങ്ങിയിരുന്നു. കൂര്‍ത്ത കൊക്ക് കൊണ്ട് ഇലകളില്‍ കൊത്തി ചെറിയ നാരുകൊണ്ട് തയ്യ്ച്ചെടുക്കുമ്പോള് മന്ദാരം പറഞ്ഞു. "ഹേ എനിക്ക് വേദനിക്കുന്നു കിളിയേ...". അത് കേട്ട് കുഞ്ഞിക്കിളി "ദാ ഇപ്പം തീരും" എന്ന് പറഞ്ഞുകൊണ്ട് വേഗം കൂടൊരുക്കല്‍ തുടര്‍ന്നു.
രാവിലത്തെ നടത്തം കഴിഞ്ഞ് മാഷ് വീട്ടിലേയ്ക്ക് വന്ന് കയറിയതപ്പോഴാണ്. കമ്പിളിത്തൊപ്പി ഊരിവച്ച് അടുക്കളയിലെത്തി ഒരു ഗ്ലാസ് ചായയും എടുത്ത്, മാഷ് പത്രത്തിലേയ്ക്ക് മുഖം പൂഴ്ത്തി. കുട്ടിക്കിളി ഇലകൂട്ടികെട്ടി തയ്ച്ചു കഴിഞ്ഞു. ഇനി അതിനുള്ളില്‍ നിറയ്ക്കാന്‍ ചകിരിനാരും പഞ്ഞിയും ഒക്കെ വേണം. അതന്വേഷിച്ച് ആണ്‍കിളി പുറത്തേയ്ക്ക് പറന്നു. പെണ്‍കിളി തിരികെ മൈലാഞ്ചി മരത്തിലേയ്ക്ക് പറന്ന് അതിലെ പൂവുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു.
രണ്ട്.
ഒരു കുഞ്ഞുയുദ്ധം
കൂടുകൂട്ടുവാന്‍ ഇത്രയും പ്രയാസമുണ്ടെന്ന് കുഞ്ഞിക്കിളി അപ്പോഴാണ് ബോധ്യം വന്നത്. ഇലകൂട്ടി വേറുതേ തയ്ച്ചാല് കൂടാകുമോ. കൂടൊരുക്കാന്‍ പിന്നെയും എന്തൊക്കെ വേണംന്ന് അറിയാമോ ? മുട്ടകള്‍ക്ക് ചൂടേകാന്‍ ചകരിനാരും പഞ്ഞിയും വേണം. ചകിരിനാരിനായ് ഏറെയൊന്നും മെനക്കെടേണ്ടതില്ല. അച്ചാമച്ചേടത്തിയുടെ അടുക്കളപ്പുറത്തു നിന്നും തന്നെ അത് കിട്ടും. പക്ഷേ പഞ്ഞി ????
അപ്പോഴാണ് അങ്ങ് ദൂരെ ഒരു കുന്നിന് മുകളില്‍ മൂപ്പെത്തി പൊട്ടിപ്പറക്കാന്‍ തയ്യാറായ കായകളുള്ള ഇലവുമരത്തെക്കുറിച്ചോര്മ്മ വന്നത്. പിന്നെ വേഗം അവന് ഇലവു ലക്ഷ്യമാക്കിപ്പറന്നു.
ആണ്‍കിളിയുടെ വരവും കാത്ത് പെണ്‍കിളി മയിലാഞ്ഞിയിലകള്ക്കിടയില് ഒളിച്ചിരുന്ന മന്ദാരച്ചെടിയിലെ കുഞ്ഞുകൂടിനെ നോക്കിയിരിക്കുകയായിരുന്നു. അവള് വെറുതേ ഓര്‍ത്തു. അല്ലാ ഈ പൂച്ചകള്‍ക്ക് എന്തൊരു അഹങ്കാരമാണ് എപ്പോഴും. മരങ്ങളില്‍ പാഞ്ഞു കയറും പിന്നെ അതില്‍ ഏതെങ്കിലും പക്ഷികൂടുണ്ടെങ്കില് കൂട്ടിലെ മുട്ടകളും കൂടും തട്ടിത്താഴെയിടും. കുഞ്ഞു പക്ഷികള്‍ താഴ്ന്നു പറന്നാല്‍ അവയെ ചാടിപ്പിടിക്കാന്‍ വരും.... അസത്തുക്കള്. അങ്ങനെ ഓരോന്നോര്‍ത്ത് കുഞ്ഞിക്കിളി ഒന്നു മയങ്ങിപ്പോയി. അപ്പോഴാ മന്ദാരച്ചെടിയുടെ കൊമ്പുലയുന്ന ശബ്ദം അവള് കേട്ടത്. നോക്കുമ്പോള്‍ എന്താ കഥ? ജംബു പൂച്ച മന്ദാരച്ചെടിയുടെ താഴെ നിന്ന് കൂട്ടിലേയ്ക്ക് കയറുവാന്‍ വഴിയുണ്ടോ എന്ന് ശ്രമിക്കുന്നു. കുഞ്ഞു മന്ദാരത്തില് അവനു കയറുവാന്‍ സാധിച്ചില്ല. അവനൊരു കാലെടുത്ത് വച്ചാല്‍ തന്നെ ചില്ലൊടിഞ്ഞ് താഴെവീഴും. പക്ഷേ അവന് നന്നായി കുലുക്കിയാന് ആ കുഞ്ഞുകൂട് അപ്പോള്‍ തന്നെ തകര്‍ന്നു വീഴും.
എന്ത് ചെയ്യും ??
അപ്പോഴേയ്ക്കും കൊക്കില്‍ കുറേ ഇലവിന് പഞ്ഞിയുമായി ആണ്കിളിയും പറന്നെത്തി. അടുക്കളവാതില്‍ അടഞ്ഞപ്പോള്‍ രണ്ടാളും മന്ദാരത്തിലേയ്ക്ക് പറന്നിറങ്ങി. കൂടൊരുങ്ങുകയാണ് നവാതിഥികള്ക്കായി... അങ്ങ് ദൂരെ ദൂരെ സൂര്യന് കുട്ടി മേഘത്തോര്ത്തടുത്ത് കുളിക്കുവാനായി കടലിലേയ്ക്ക് മുങ്ങാംകുഴിയിട്ടു. |
കുഞ്ഞിക്കിളി നിര്‍ത്താതെ ചിലച്ചുകൊണ്ട് അവിടെമൊക്കെ പറന്നു. അവളുടെ ആ പരിഭ്രാന്തിപിടിച്ച പറക്കല്‍ കണ്ട് ജംബുവിന് ചിരിയാണ് വന്നത്. അല്ലാ ചിരിക്കാതെ എന്ത് ചെയ്യും. ആകെ ദാ ഇത്രയേയുള്ളു കിളി. കയ്യുയര്‍ത്തി ഒന്ന് വീശിയാല്‍ അവള് ചത്തുമലയ്ക്കും. അവനോര്‍ത്തു. അല്ലെങ്കിലും കഞ്ഞിക്കിളികള്ക്ക് അഹങ്കാരം വല്ലാലെ കൂടിയിട്ടുണ്ട്. തന്നെ ഒട്ടും വകവയ്ക്കാത്ത മട്ട്. ഞാനൊരു പൂച്ച ഈ വീടിന് കാവല്‍ നില്ക്കുമ്പോള്, എന്നോടൊരു അനുവാദം ചോദിക്കുകയെങ്കിലും വേണ്ടേ? അതുണ്ടായില്ല. ഇനിയിപ്പോള്‍ കുറേ കുഞ്ഞുങ്ങളും കൂടി ഉണ്ടായാല്‍... ഹൊ, പിന്നെ ഈ മൈലാഞ്ചിയില്‍ എല്ലാം കൂടി ചലപിലാന്ന് പറന്ന് ആകെ ബഹളം കൂട്ടാതിരിക്കുമോ? ഒരു അടക്കവും ഇല്ലാത്ത കിളികള്‍. കൈ ഉയര്‍ത്തി ഒന്ന് വീശിയാല്‍ അവളുടെ കൂട് തട്ടി താഴെയിടാം. അച്ചാമ്മചേടത്തി അടുക്കളയില്‍ നിന്ന് പുറത്തു കടക്കും മുമ്പ് വേണം.
ജംബു കൈയുര്‍ത്തി മുന്നോട്ടേക്ക് ആഞ്ഞതും, കുഞ്ഞിക്കിളി അവന്റെ തലമണ്ടയ്ക്കിട്ട് കൊത്തിയിട്ട് പൊങ്ങിപ്പറന്നതും അച്ചാമച്ചേടത്തി അടുക്കളവാതില്‍ തുറന്ന് പുറത്ത് വന്നതും എല്ലാം ഒരുമിച്ചായിരുന്നു. കണ്ടമാത്രയില്‍ കാര്യം പിടികിട്ടിയ അച്ചാമ, അത്രയ്ക്കായോ എന്ന് ചോദിച്ച് കയ്യിലിരുന്ന പാത്രത്തിലെ വെള്ളം അപ്പാടെ ജംബുവിന്റെ പുറത്തേയ്ക്ക് വീശിയൊഴിച്ചു. എന്നിട്ട് പറഞ്ഞു; "എന്തൊരു പൂച്ചയാ ഇത്? അല്ല, നിനക്ക് എന്തിന്റെ കുറവായിട്ടാ ജംബു നീ ഇങ്ങനെ? അല്ല, നിന്നെപ്പറയേണ്ട. ആ മാഷാ നിന്നെ ലാളിച്ച് വഷളാക്കിയത്."
ഇത് കേട്ടുകൊണ്ടാണ് മാഷ് അവിടേയ്ക്ക് വന്നത്. മഷേ കണ്ടതും അച്ചാമ്മ പറഞ്ഞു. "ഒരു പൂച്ചയുണ്ടിവിടെ. മറ്റൊരു ജീവിയും ഇവിടെ പാടില്ലന്നാ അവന്റെ പക്ഷം. ഇങ്ങനേം ഉണ്ടോ അസൂയ."
അച്ചാമ്മയുടെ പറച്ചില് കേട്ട് മാഷ് വേഗം പുറത്തിറങ്ങി. മന്ദാരത്തിനടുത്തെത്തി. ഇല്ല കുഴപ്പമൊന്നും പറ്റീട്ടില്ല കൂടിന്, ഭാഗ്യം.
സത്യത്തില്‍ ജംബു അത്രമോശം പൂച്ചയൊന്നുമല്ല എന്നാ മാഷിന്റെ നിലപാട്. മറ്റ് പൂച്ചകളെപ്പോലെ ഇന്ന് വരെ അവന് ഒന്നും കട്ടുതിന്നിട്ടില്ല. അത് പോലെ തന്നെ മീന്‍ കാണുമ്പോള്‍ ഒരാര്‍ത്തിയും അവന് കാട്ടാറില്ല. ഇന്നാ ജംബു തിന്നോ എന്ന് പറഞ്ഞ് മുന്നില്‍ വച്ച് കൊടുത്താല്‍ പോലും ചിലപ്പോള്‍ ഒന്ന് മണത്തു നോക്കിയിട്ടു വാലും പൊക്കിപ്പിടിച്ച് ഞെളിഞ്ഞ് ഒറ്റപോക്ക് പോകും. അത് കണ്ടു നില്ക്കുന്ന മറ്റ് പെണ്‍പൂച്ചകള്‍ വന്ന് ആ മീന്‍കൂടി കഴിച്ചിട്ട് പോകും. മാത്രമോ ചില സമയങ്ങളില്‍ അവന് വന്ന് അനങ്ങാതെ വീടിന്റെ മുന്നിലെ വരാന്തയില്‍ കിടക്കും. ആ കിടപ്പു കണ്ടാല്‍ എന്താ ഗമ?. ഒരു പുലിക്കുട്ടിയല്ല എന്ന് ആര് പറയും?. അങ്ങനെയുള്ള ജംബുവിനെ എന്തിനാണിങ്ങനെ അച്ചാമ്മ വഴക്കു പറയുന്നത് ?. പിന്നെ അവന് കിളിക്കൂട് തട്ടിയിടാന്‍ ശ്രമിച്ചത് അവന് അവരോട് വിരോധം ഒന്നും ഉണ്ടായിട്ടാവില്ല. ചിലപ്പോഴെങ്കിലുമ അവന് പൂച്ചകളുടെ സ്വഭാവം കാണിക്കേണ്ടേ? ഇല്ലെങ്കില്‍ താനൊരു പൂച്ചയാണെന്നകാര്യം അവന് മറന്നുപോയാലോ?
മാഷ്ടെ ഈ ചിന്തകള്‍ ഒന്നും തന്നെ മേലുവീണ വെള്ളം കുടഞ്ഞ കളഞ്ഞ് ഓടിപ്പോയ ജംബു അറിഞ്ഞില്ല. കുഞ്ഞിക്കിളിയും അച്ചാമ്മയും അറിഞ്ഞില്ല.
"ഇനിയെന്താ വഴക്കടിക്കുന്നത് കുഞ്ഞിക്കിളിയേ.." എന്ന് ചോദിച്ച് മുണ്ട് മടിക്കിക്കുത്തി തെങ്ങിന് തടത്തിനു ചുറ്റും മുളച്ച് പൊന്തിയ ചീരത്തൈകളെ വാത്സല്യത്തോടെ നോക്കി മാഷ് അകത്തേയ്ക്ക് കയറി. അപ്പോഴേയ്ക്കും കൊക്കില്‍ കുറേ ഇലവിന് പഞ്ഞിയുമായി ആണ്കിളിയും പറന്നെത്തി.
അടുക്കളവാതില്‍ അടഞ്ഞപ്പോള്‍ രണ്ടാളും മന്ദാരത്തിലേയ്ക്ക് പറന്നിറങ്ങി.
കൂടൊരുങ്ങുകയാണ് നവാതിഥികള്ക്കായി...
അങ്ങ് ദൂരെ ദൂരെ സൂര്യന് കുട്ടി മേഘത്തോര്ത്തടുത്ത് കുളിക്കുവാനായി കടലിലേയ്ക്ക് മുങ്ങാംകുഴിയിട്ടു.
അതേസമയം കിഴക്ക് പാല്‍പ്പുഞ്ചിരിയുമായി അമ്പിളിമാമന് കടന്നു വന്നു. അത് കണ്ട് മെല്ലെ മെല്ലെനക്ഷത്രകുഞ്ഞുങ്ങള് അമ്മാവനു ചുറ്റും കൂടി...
അമ്മാവന് കഥപറച്ചിലാരംഭിച്ചു...
(തുടരും)
03-Dec-2016