ഇവര്‍ നമ്മുടേതാണ്

ഉന്നത പരിശീലന കേന്ദ്രങ്ങളോ മികച്ച പശ്ചാത്തല സൗകര്യങ്ങളോ ഒന്നും ഈ കുട്ടികള്‍ക്ക് തുണയായി ഇല്ലായിരുന്നു. ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ആത്മവീര്യവും മാത്രമായിരുന്നു അവരുടെ കൈമുതല്‍. സമര്‍പ്പിത മനസ്‌കരും ആത്മാര്‍ത്ഥതയുടെ ആള്‍രൂപങ്ങളുമായ കായികാധ്യാപകരുടെ വിദഗ്ദ്ധമായ കോച്ചിങ്ങും ഈ കുട്ടികളുടെ വിജയത്തിന് ശക്തമായ പിന്‍ബലമായുണ്ട്. കടുത്ത ദാരിദ്ര്യത്തോടും കൊടിയ ദുരിതത്തോടും പടപൊരുതി പൊന്‍തിളക്കം സമ്മാനിച്ച ഈ താരങ്ങളോട് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയെങ്കിലും നീതി പുലര്‍ത്തണം.

മലേഷ്യയിലെ പഹാങ്ങില്‍ സെപ്തംബര്‍ 19 മുതല്‍ 22 വരെ നടന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം രാഷ്ട്രത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തുന്നതായിരുന്നു. ഒമ്പത് രാജ്യങ്ങളില്‍നിന്നുള്ള അത്‌ലറ്റുകള്‍ പങ്കെടുത്ത മല്‍സരത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തുകൊണ്ടാണ് കുട്ടികള്‍ ഇന്ത്യന്‍ പതാക വാനില്‍ പറത്തിയത്. 12 സ്വര്‍ണവും 11 വെള്ളിയും 6 വെങ്കലവും കരസ്ഥമാക്കിയാണ് ഈ കുട്ടികള്‍ രാജ്യത്തിന്റെ അഭിമാനം കാത്തത്. ഇതില്‍ 8 സ്വര്‍ണവും നേടിത്തന്നത് കേരളത്തില്‍നിന്നുള്ള മിടുക്കികളും മിടുക്കന്മാരുമാണ്. അങ്ങനെ ഉജ്വലമായ വിജയം കൊയ്യാന്‍ പ്രബലമായ സംഭാവനകള്‍ നല്‍കിയത് നമ്മുടെ സംസ്ഥാനത്തെ താരങ്ങളാണെന്നത് മലയാളികള്‍ക്കാകെ ആഹ്ലാദം പകരുന്നതാണ്. ചരിത്ര പ്രധാനമായതും തിളക്കമാര്‍ന്നതുമായ വിജയം സമ്മാനിച്ചവര്‍ പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി പി യു ചിത്രയും പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും അതേ സ്‌കൂളിലെ തന്നെ പി വി ജിഷയും ഇടുക്കി വണ്ണപ്പുറം സ്‌കൂളിലെ ആര്യയും പാലക്കാട് കല്ലടി സ്‌കൂളിലെ അബ്ദുള്ള അബൂബക്കറുമാണ്.

 

മലേഷ്യ, ഇന്ത്യ, തായ്‌ലന്‍ഡ്, ശ്രീലങ്ക, ഹോങ്കോങ്, ചൈന, ഫിലിപ്പീന്‍സ്, മക്കാവ്, ബ്രൂണെ എന്നീ ഒമ്പത് രാഷ്ട്രങ്ങളില്‍നിന്നായി 183 അത്‌ലറ്റുകളാണ് മീറ്റില്‍ പങ്കെടുത്തത്. ഇന്ത്യയില്‍നിന്ന് 31 താരങ്ങള്‍ പങ്കെടുത്തു. ഇന്ത്യന്‍ താരങ്ങളില്‍ 12 പേര്‍ കേരളത്തില്‍നിന്നുള്ളവരായിരുന്നു. ഒന്നാം സ്ഥാനം നേടിയ മലേഷ്യയ്ക്കും ഇന്ത്യക്കും 12 സ്വര്‍ണം വീതമാണ് ലഭിച്ചത്. മലേഷ്യ 14 വെള്ളി നേടിയപ്പോള്‍ ഇന്ത്യ 11 എണ്ണം കരസ്ഥമാക്കി. മലേഷ്യ 10 വെങ്കലം നേടിയപ്പോള്‍ നമുക്ക് 6 എണ്ണമാണ് ലഭിച്ചത്. വെള്ളിയിലും വെങ്കലത്തിലുമാണ് മലേഷ്യ ഇന്ത്യയെ പിന്തള്ളിയത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുവന്ന കേരളത്തിലെ കുട്ടികള്‍ പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടപൊരുതിയാണ് ഈ വിജയത്തിന് അര്‍ഹരായത് എന്നത് നേട്ടത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കടുത്ത ദാരിദ്ര്യത്തിലാണെങ്കില്‍പോലും കഠിനമായ പ്രയത്‌നം കൊണ്ടും അനുപമമായ ഇച്ഛാശക്തികൊണ്ടും പ്രതികൂല സാഹചര്യങ്ങളെ വാശിയോടെ അവര്‍ പരാജയപ്പെടുത്തുകയായിരുന്നു. ആ വീറ് സഹ മല്‍സരാര്‍ഥികളേയും ഏറെ ദൂരം അതിശയിക്കാനുള്ള പ്രാപ്തി ഈ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. മനോബലവും ആത്മവിശ്വാസവും ഈ താരങ്ങള്‍ക്കു പകര്‍ന്നു നല്‍കിയത് അനുപമമായ ആത്മാര്‍ത്ഥതയും അതുല്യമായ നിശ്ചയദാര്‍ഢ്യവുമുള്ള അതതു സ്‌കൂളുകളിലെ കായികാധ്യാപകരാണ്. പാലക്കാട് പറളി സ്‌കൂളിലെ കായികാധ്യാപകന്‍ പി ജി മനോജും മുണ്ടൂര്‍ സ്‌കൂളിലെ കായികാധ്യാപകന്‍ എന്‍ എസ് സിജിനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് തോമസ് മാഷും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. നാട്ടുകാരുടെ പ്രോല്‍സാഹനവും എടുത്തു പറയേണ്ടതാണ്.

ഇന്ത്യയ്ക്കുവേണ്ടി മൂന്നുസ്വര്‍ണം നേടിയ പി യു ചിത്രയുടെ അച്ഛന്‍ ഉണ്ണികൃഷ്ണനും അമ്മ വസന്തകുമാരിയും കൂലിപ്പണിക്കാരാണ്. മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ഈ മിടുക്കി ഇക്കഴിഞ്ഞ ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മൂന്നു സ്വര്‍ണം നേടി രാഷ്ട്രത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രയ്ക്ക് സമ്മാനമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാനോ കാര്‍ നല്‍കുകയുണ്ടായി. എന്നാല്‍ കാര്‍ വീട്ടിലെത്തിക്കാന്‍ റോഡില്ലാതിരുന്നത് തിരിച്ചടിയായി. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്റെ എംഎല്‍എ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. അങ്ങനെ റോഡ് യാഥാര്‍ത്ഥ്യമായി. മുണ്ടൂര്‍ ഹൈസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്നിലെ കായിക താരത്തെ ചിത്ര തിരിച്ചറിയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലാ മീറ്റില്‍ രണ്ടു സ്വര്‍ണം നേടി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജില്ലയിലും സംസ്ഥാനത്തും ദേശീയ തലത്തിലും ട്രിപ്പിള്‍ സ്വര്‍ണം ഈ വിദ്യാര്‍ത്ഥിനി നേടി. അടുത്തവര്‍ഷം മല്‍സരത്തിനിടയിലുണ്ടായ പരിക്ക് ഈ കുട്ടിയുടെ മുന്നേറ്റത്തെ തടഞ്ഞു. 2012ല്‍ ദേശീയ മീറ്റില്‍ ഒരു സ്വര്‍ണം നേടാനായി. 2013 ഈ പ്രയത്‌നശാലിക്ക് ഉജ്ജ്വല വിജയത്തിന്റെ വര്‍ഷമായി. പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, 1500 മീറ്റര്‍ എന്നിവയിലും റിലേയിലുമാണ് ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ ചിത്ര സ്വര്‍ണം നേടിയത്. അങ്ങനെ കായിക കേരളത്തിന്റെ ഭാവി പ്രതീക്ഷയായി ഈ കുട്ടി ഉയര്‍ന്നിരിക്കയാണ്. ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ 800 മീറ്ററിലും 1500മീറ്ററിലും ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് മുഹമ്മദ് അഫ്‌സല്‍ ഇന്ത്യക്കുവേണ്ടി രണ്ടു സ്വര്‍ണം കൊയ്തത്. രണ്ടും നേടിയത് കരിയര്‍ ബെസ്റ്റ് പ്രകടനത്തിന്റെ പിന്‍ബലത്തിലെന്നത് തിളക്കത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുന്നു. പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്‌സല്‍ നിരന്തരമായ കഠിനാധ്വാനത്തിലൂടെയും ഇടവേളകളില്ലാത്ത പരിശ്രമത്തിലൂടെയുമാണ് നാടിനാകെ അഭിമാനകരമായ നേട്ടം കൈവരിച്ചത്.

കായികാധ്യാപകനായ പി ജി മനോജിന്റെ പരിശീലന മികവും മുന്നേറാനുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള ഉപദേശനിര്‍ദ്ദേശങ്ങളും ഈ കുട്ടിയ്ക്ക് ഏറെ തുണയായി. ഇറ്റാവ ദേശീയ സ്‌കൂള്‍ മീറ്റില്‍ 800, 1500 മീറ്ററുകളില്‍ സ്വര്‍ണം നേടി വ്യക്തിഗത ചാമ്പ്യനാകാന്‍ അഫ്‌സലിന് സാധിച്ചു. അന്ന് അഫ്‌സലിന് നാനോ കാര്‍ സമ്മാനമായി ലഭിച്ചു. പാലക്കാട് കല്ലടി സ്‌കൂളിലെ അബ്ദുല്ല അബൂബക്കറാണ് രാഷ്ട്രത്തിന് സ്വര്‍ണം നേടിത്തന്ന മറ്റൊരു മിടുക്കന്‍. ട്രിപ്പിള്‍ ജമ്പിലാണ് അബ്ദുല്ല ഒന്നാം സ്ഥാനത്തിനര്‍ഹനായത്. കുമരംപുത്തൂര്‍ കല്ലടി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അബ്ദുള്ള 14.88 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. പറളി സ്‌കൂളിലെ പി വി ജിഷ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയതിനൊപ്പം റിലേയില്‍ ആദ്യ ലാപ് ഓടി ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു. കടുത്ത പനി ബാധിച്ച ഈ പെണ്‍കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായത് 20ാം തീയതിയാണ്. ആശുപത്രിയില്‍നിന്ന് നേരെ സ്‌റ്റേഡിയത്തിലെത്തി മല്‍സരത്തില്‍ പങ്കെടുത്താണ് നിശ്ചയദാര്‍ഢ്യത്തിന്റെയും മനക്കരുത്തിന്റെയും ആള്‍രൂപമായ ഈ വിദ്യാര്‍ഥിനി ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം നേടിത്തന്നത്.

ദാരിദ്ര്യത്തിന്റെയും കടുത്ത കഷ്ടപ്പാടുകളുടെയും പ്രതികൂല ജീവിത സാഹചര്യങ്ങളോടു മല്ലടിച്ചാണ് ജിഷ കായികരംഗത്ത് മുന്നേറിയത്. താമസിക്കാന്‍ സ്വന്തമായി വീടില്ലാത്ത ജിഷയുടെ കുടുംബം പറളിയിലെ ചെറിയ ഒരു വീട്ടില്‍ വാടകയ്ക്കാണ് താമസം. കായിക മല്‍സരങ്ങളില്‍ ഈ പെണ്‍കുട്ടി നേടിയ മെഡലുകള്‍ സൂക്ഷിച്ചുവെക്കാന്‍പോലും ഈ കൊച്ചുവീട്ടില്‍ സൗകര്യമില്ല. കൂലിപ്പണിക്കാരായ വേലായുധെന്റയും വിജയകുമാരിയുടെയും മൂന്നു പെണ്‍മക്കളില്‍ മൂത്തവളാണ് ജിഷ. മാതാപിതാക്കളുടെ ജീവിത പ്രയാസങ്ങള്‍ ഈ കുട്ടിയെ അനാഥാലയത്തിലെത്താന്‍ നിര്‍ബന്ധിതയാക്കി. അങ്ങനെയാണ് ജിഷ തൃശ്ശൂര്‍ വെങ്ങിണിശ്ശേരി ആഞ്ചലോഭവന്‍ ഓര്‍ഫനേജിലെ അന്തേവാസിയായത്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ജിഷ പറളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയതിനെ തുടര്‍ന്നാണ് കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ക്ക് ഉടമയായത്.

കൊച്ചിയില്‍ നടന്ന ജൂനിയര്‍ സ്‌റ്റേറ്റ് മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. സംസ്ഥാന ഇന്റര്‍ ക്ലബ് മീറ്റില്‍ മീറ്റ് റെക്കോഡ്, ജൂനിയര്‍ സ്‌റ്റേറ്റ് മീറ്റില്‍ സംസ്ഥാന റെക്കോഡ്, സൗത്ത് സോണ്‍ മീറ്റിലും ജൂനിയര്‍ നാഷണല്‍ മീറ്റിലും സ്വര്‍ണം എന്നിവ ഇപ്പോഴത്തെ തിളക്കമാര്‍ന്ന വിജയത്തിനു മുമ്പായി ഈ മിടുക്കി നേടി. പ്ലസ്ടു വിദ്യാര്‍ഥിനിയായ ജിഷ കായിക കേരളത്തിെന്റ ഭാവി വാഗ്ദാനമായി ഉയര്‍ന്നുകഴിഞ്ഞു. ജിഷയുടെ വിജയത്തിനുപിന്നില്‍ പറളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ മനോജിന്റെ പരിശ്രമവും കഠിനാധ്വാനവും ഉണ്ട്. മെഡലുകളില്‍ ഏറെയും കൊയ്തത് പാലക്കാട്, ഇടുക്കി ജില്ലകളിലെ കുട്ടികളാണ്. ഉന്നത പരിശീലന കേന്ദ്രങ്ങളോ മികച്ച പശ്ചാത്തല സൗകര്യങ്ങളോ ഒന്നും ഈ കുട്ടികള്‍ക്ക് തുണയായി ഇല്ലായിരുന്നു. ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ആത്മവീര്യവും മാത്രമായിരുന്നു അവരുടെ കൈമുതല്‍. സമര്‍പ്പിത മനസ്‌കരും ആത്മാര്‍ത്ഥതയുടെ ആള്‍രൂപങ്ങളുമായ കായികാധ്യാപകരുടെ വിദഗ്ദ്ധമായ കോച്ചിങ്ങും ഈ കുട്ടികളുടെ വിജയത്തിന് ശക്തമായ പിന്‍ബലമായുണ്ട്. കടുത്ത ദാരിദ്ര്യത്തോടും കൊടിയ ദുരിതത്തോടും പടപൊരുതി പൊന്‍തിളക്കം സമ്മാനിച്ച ഈ താരങ്ങളോട് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനിയെങ്കിലും നീതി പുലര്‍ത്തണം.

06-Dec-2013

കളി മൈതാനം മുന്‍ലക്കങ്ങളില്‍

More