വിദേശസര്‍വകലാശാലയെ സിപിഐഎം അനുകൂലിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. വിദേശ സര്‍വകലാശാലയും സ്വകാര്യ മൂലധനവും പരിശോധിക്കാം എന്ന് മാത്രമാണ് ബജറ്റില്‍ പറഞ്ഞത്. വിദേശ സര്‍വകലാശാലയുടെ കാര്യത്തില്‍ എന്ത് വേണമെന്ന് നിലപാടെടുക്കണം എന്നാണ് ചര്‍ച്ച.

ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കിക്കൊണ്ട് വിദേശ സര്‍വകലാശാലകളുടെ കാര്യം ചര്‍ച്ച ചെയ്യണം എന്നാണ് നിലപാടെന്നും വിഷയത്തില്‍ പാര്‍ട്ടി പിന്നോട്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കവെ എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധനം നേരത്തെ ആരംഭിച്ചതാണ്. സ്വകാര്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കണം. ഏങ്ങനെ ഉപയോഗിക്കണം എന്നതിലാകണം ശ്രദ്ധ. പൊതുവിദ്യാഭ്യാസം നിലനിര്‍ത്തണം. തുല്യത വേണം, സുതാര്യതയും വേണം. സര്‍ക്കാരും പാര്‍ട്ടിയും രണ്ടും ഒന്നല്ല. പാര്‍ട്ടിയുടെ മുഴുവന്‍ നയങ്ങളും സര്‍ക്കാരിന് നടപ്പാക്കാനാകില്ല.

പാര്‍ട്ടിയുടെ നയം ഒരു വശത്ത് നില്‍ക്കെ ആ പരിമിതിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്ത് ചെയ്യാനാകുമെന്നാണ് ചര്‍ച്ചയാകേണ്ടത്. വിദേശ സര്‍വകലാശാല നിലപാടില്‍ വേണ്ടത് തുറന്ന നിലപാടാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.

എസ്എഫ്‌ഐഒ അന്വേഷണത്തിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഷോണ്‍ ജോര്‍ജിന്റെ പരാതി കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ബിജെപി ഇടപെടല്‍ ഇതില്‍ വ്യക്തമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ ചില മാധ്യമങ്ങള്‍ എക്‌സാലോജിക് അന്വേഷണം ബോധപൂര്‍വ്വം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.

മുഖ്യമന്ത്രിയിലേക്ക് എങ്ങനെ എതിതിക്കാം എന്നതാണ് അജണ്ട. വാര്‍ത്ത സൃഷ്ടിച്ച് കോടതിയുടെ മുമ്പിലുളഅള വിഷയത്തില്‍ ഇടപെടല്‍ നടക്കുകയാണ്. കൃത്യമായ ആസൂത്രണവും തിരക്കഥയും ഇതിന് പിന്നിലുണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.