കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തത്. എം.കെ.രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതസ്പര്‍ധയുണ്ടാക്കും വിധം സംസാരിച്ചുവെന്നാണ് പരാതി.

ഒരാഴ്ച മുൻപ് കുന്നമംഗലത്ത് നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം സ്വദേശി അരുൺജിത്താണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്പര വിദ്വേഷവും തെറ്റിധാരണയും ഭീതിയും സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഷമ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രസംഗം പ്രചരിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു.

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്‌ലിം, ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന തരത്തിലായിരുന്നു ഷമയുടെ പരാമർശം. ഡിജിപിക്ക് നൽകിയ പരാതി പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസംഗത്തിന്റെ ദൃശ്യമുൾപ്പെടുത്തിയും പരാതി നൽകിയിട്ടുണ്ട്.