തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ നല്‍കിയത് ശതകോടികള്‍. ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ക്കായാണ് പ്രമുഖ പാര്‍ട്ടികള്‍ കോടികള്‍ ചിലവാക്കിയിരിക്കുന്നത്.

2018 മേയ് മുതല്‍ 103 കോടിയിലധികം രൂപ ബിജെപിയുടെ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്.
ഇതോടെ പാര്‍ട്ടികളുടെ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ഭീമന്‍ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി.

ഗൂഗിളിന്റെ പരസ്യ സുതാര്യതാ റിപ്പോര്‍ട്ടിലെ കണക്കുകളിലൂടെയാണ് ഈ തുക വ്യക്തമായിരിക്കുന്നത്. ഇക്കാലയളവില്‍ കോണ്‍ഗ്രസ് 49 കോടി രൂപ ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ഡിഎംകെ ചെലവഴിച്ചിരിക്കുന്നത് 25 കോടി രൂപയാണ്.

തമിഴ്‌നാട്ടില്‍ മാത്രം മത്സരിക്കുന്ന ഡിഎംകെ ഇത്രയും പണം ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് മറ്റു പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. ഗൂഗിള്‍ രാഷ്ട്രീയം എന്ന് തരംതിരിച്ച പരസ്യങ്ങള്‍ക്കായി 2018 മുതല്‍ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ചേര്‍ന്ന് രാജ്യത്ത് ചെലവഴിച്ചത് 390 കോടി രൂപയാണ്. രാഷ്ട്രീയ പരസ്യവിഭാഗത്തില്‍ മൊത്തം 2,17,992 ഉള്ളടക്കങ്ങളാണുള്ളത്. ഇതില്‍ 1,61,000ലധികവും ബിജെപി പ്രസിദ്ധീകരിച്ചതാണ്.

ബിജെപി പരസ്യങ്ങളില്‍ ഭൂരിഭാഗവും കര്‍ണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിനുമാത്രമായി ഏകദേശം 10.8 കോടി രൂപ ചെലവഴിച്ചു. ഉത്തര്‍പ്രദേശിനായി 10.3 കോടി, രാജസ്ഥാന്‍ 8.5 കോടി, ഡല്‍ഹി 7.6 കോടി എന്നിങ്ങനെയാണ് ബിജെപി ചെലവഴിച്ചത്. തമിഴ്‌നാടിലാണ് ഏറ്റവും കൂടുതല്‍ ഗൂഗിള്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. 17 കോടി രൂപയുടെ പരസ്യമാണ് തമിഴകത്ത് പ്രസിദ്ധീകരിച്ചത്