തെരഞ്ഞെടുപ്പ് കാലത്തെ വാക്‌പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ച് ശശി തരൂർ എംപി. പ്രചാരണ കാലത്തെ പരാമർശങ്ങളൊന്നും മനപൂർവ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂർ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമർശങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നായിരുന്നു പന്ന്യൻറെ മറുപടി.

മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്, ഇവിടെ പന്ന്യന് എന്തുകാര്യം, ജയിക്കുമെന്നൊക്കെ പറയാനുള്ള ധൈര്യം പന്ന്യൻ രവീന്ദ്രനുണ്ടായല്ലോ എന്നെല്ലാമുള്ള തരൂരിൻറെ പരാമർശങ്ങളാണ് പന്ന്യനെ വേദനിപ്പിച്ചത്. പ്രചാരണ വേദിയിലെ രാഷ്ട്രീയ വിവാദമായി അത് മാറി. വോട്ടെടുപ്പ് ദിവസത്തോട് അടുപ്പിച്ച് പന്ന്യനും ആഞ്ഞടിച്ചു. തനിക്ക് വല്ലാത്ത വിഷമമുണ്ടെന്നും പറയാതിരിക്കാനാവില്ലെന്നും ഓക്‌സ്‌ഫോഡിൽ പഠിക്കുന്നത് മാത്രമാണോ കഴിവെന്നും പന്ന്യൻ ചോദിച്ചു.

തലസ്ഥാനം വിട്ട തരൂർ ഒടുവിൽ പന്ന്യൻ രവീന്ദ്രനെ ഫോണിൽ വിളിച്ചു. ഒന്നും മനപൂർവ്വമായിരുന്നില്ലെന്നും പന്ന്യനോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും തരൂരിൻറെ അനുനയം. വിമർശിച്ചത് സിപിഐയെ ആണെന്നും സിപിഐ എംപിയെക്കാൾ കോൺഗ്രസ് എംപിക്ക് പാർലമെൻറിൽ സംസാരിക്കാൻ അവസരം കിട്ടുമെന്ന നിലക്കായിരുന്നു പരാമർശമെന്നും തരൂരിൻറെ വിശദീകരണം. പ്രസ്ഥാനത്തെ കുറിച്ചായാലും അങ്ങനെ പറയരുതായിരുന്നുവെന്ന് പന്ന്യൻറെ മറുപടി.