രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. 93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർ​ഗെ പറഞ്ഞു.

ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർ​ഗെ പറഞ്ഞു.

ജനാധിപത്യം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. അങ്ങനെ നമ്മുടെ സ്ഥാപനങ്ങൾക്ക് അവയുടെ സ്വതന്ത്ര രൂപത്തിലേക്ക് മടങ്ങാനും ക്രൂരമായ ശക്തികളാൽ അമർത്തപ്പെടാതിരിക്കാനും കഴിയുമെന്നും ഖാർ​ഗെ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗാണ് ഇന്ന് നടക്കുന്നത്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുന്നത്.