ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനാകും.
പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വ്യക്തികള്‍ക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതില്‍ പ്രധാന പങ്കുവഹിക്കാനാകും. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം.
ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.