ഇൻഡ്യ മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിശ്വാസമില്ലെന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയെ തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന അധ്യക്ഷൻ തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് ഖാർഗെ വ്യക്തമാക്കിയത്. മമത ഇൻഡ്യാ സഖ്യത്തിന്റെ ഭാഗമാണെന്നും ഖാർഗെ പറഞ്ഞു. 'എനിക്ക് അവരെ വിശ്വാസമില്ല. സഖ്യം ഉപേക്ഷിച്ച് അവർ ഓടിപ്പോയി. ബിജെപിക്ക് അനുകൂലമായി ഫലം വന്നാൽ അവർ അവരുടെ കൂടെ പോകാൻ സാധ്യതയുണ്ട്.' ചൗധരിയുടെ ഇന്നലെ നടത്തിയ പ്രസ്താവന ഇതായിരുന്നു. ഇതിനെ തള്ളിയാണ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയത്.

ഇൻഡ്യ സഖ്യം രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതും സഖ്യത്തിന് പേര് നൽകിയതും താനാണെന്നും ബംഗാളിൽ കോൺഗ്രസും സിപിഐഎമ്മും സീറ്റ് ധാരണയിൽ വിട്ട് വീഴ്ചക്ക് തയ്യാറാവാത്തതാണെന്ന് സഖ്യത്തിനൊപ്പമില്ലാതെ മത്സരിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പുറത്ത് നിന്ന് പിന്തുണ നൽകുമെന്നും ഇന്നലെ തിരഞ്ഞെടുപ്പ് റാലിയിൽ വെച്ച് മമത പറഞ്ഞിരുന്നു.