ഇസ്രയേല്‍ പാസ്പോർട്ട് ഉള്ളവർക്ക് പ്രവേശനം വിലക്കി മാലദ്വീപ് സർക്കാർ ഉത്തരവിറക്കിയ പിന്നാലെ ഇന്ത്യയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ വാഴ്ത്തി ഇസ്രയേല്‍ എംബസി. കേരളം, ലക്ഷദ്വീപ്, ഗോവ, ആൻഡമാന്‍ നിക്കോബാർ ദ്വീപുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇസ്രയേല്‍ എംബസിയുടെ എക്സിലെ പോസ്റ്റ്.

'മാലദ്വീപ് ഇസ്രയേല്‍ പൗരന്മാരെ സ്വാഗതം ചെയ്യാത്ത സാഹചര്യത്തില്‍, ഇസ്രയേലി വിനോദസഞ്ചാരികള്‍ക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കുന്നതും മനോഹരവുമായ കുറച്ച് ഇന്ത്യന്‍ ബീച്ചുകള്‍ ഇതാ. ഇസ്രയേലി നയതന്ത്രജ്ഞർ സന്ദർശിച്ചതിന് അടിസ്ഥാനത്തിലാണ് ഈ ശുപാർശകള്‍,' എംബസിയുടെ പോസ്റ്റില്‍ പറയുന്നു.

ഗാസയ്ക്കെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലിനെതിരെ മാലദ്വീപ് സർക്കാർ കടുത്ത നടപടിയിലേക്ക് കടന്നത്. ഇസ്രയേല്‍ പൗരന്മാർ ദ്വീപിലേക്ക് പ്രവേശിക്കുന്നത് വിലക്കുന്നതിനായി നിയമത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ സ്വീകരിച്ചത്.

ജൂൺ രണ്ട് മുതൽ ഇസ്രയേൽ പൗരന്മാർക്ക് മാലിദ്വീപിൽ പ്രവേശിക്കാൻ നിയമപരമായ സാധുതയില്ലെന്ന് ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹുസൻ പറഞ്ഞിരുന്നു. തീരുമാനം നടപ്പിലാക്കാൻ മന്ത്രിമാരുടെ പ്രത്യേക ക്യാബിനറ്റ് കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു.

പലസ്തീൻ ജനതയുടെ ആവശ്യങ്ങൾ വിലയിരുത്താൻ ഒരു പ്രത്യേക ദൂതനെ നിയമിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് മുയിസുവിന്റെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. പലസ്തീനിലെ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ സഹായത്തോടെ ധനസമാഹരണ കാമ്പയിൻ ആരംഭിക്കാനും തീരുമാനിച്ചതായി മുഹമ്മദ് മുയിസ് അറിയിച്ചിരുന്നു.