ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ തമ്മില്‍ ആരംഭിച്ച പോര് രൂക്ഷമാകുന്നു. എന്‍സിപിയും ബിജെപിയും തമ്മിലുളള പോരിലേക്ക് ആര്‍എസ്എസ് കൂടി പ്രവേശിച്ചതോടെ, വിഷയം കൂടുതല്‍ രൂക്ഷമായി. എന്‍സിപി അജിത് പവാര്‍ പക്ഷത്തെ കടന്നാക്രമിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണം ഓര്‍ഗനൈസറില്‍ ലേഖനം വന്നിരുന്നു.

സംസ്ഥാനത്തെ എന്‍സിപിയുമായുള്ള സഖ്യനീക്കത്തെ അനാവശ്യ രാഷ്ട്രീയം എന്നാണ് ഓര്‍ഗനൈസര്‍ വിമര്‍ശിച്ചത്. അജിത് പവാറിന്റെ എന്‍സിപിയെ എന്‍ഡിഎയിലേക്ക് ചേര്‍ത്തത് ബിജെപിയുടെ ബ്രാന്‍ഡ് മൂല്യം തകര്‍ത്തെന്ന് ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ ആര്‍എസ്എസ് നേതാവ് രത്തന്‍ ഷാര്‍ദ ആരോപിച്ചിരുന്നു.

എന്നാൽ വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണന്ന് പറഞ്ഞ് ബിജെപി വിഷയം ലഘൂകരിക്കാന്‍ നോക്കിയെങ്കിലും എന്‍സിപി നേതാക്കള്‍ പ്രകോപിതരായി. എന്‍സിപിയെ കുറ്റം പറയുന്ന ആര്‍എസ്എസ്, യുപിയില്‍ എന്തുകൊണ്ട് സീറ്റ് കുറഞ്ഞു എന്നതിനെപ്പറ്റി ആലോചിച്ചോ എന്നായിരുന്നു എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍ ചോദിച്ചത്

.''ഒരു പരിധിവരെ ലേഖനം സത്യമായിരിക്കാം. മുന്‍ മുഖ്യമന്ത്രി അശോക് ചവാനെപ്പോലുള്ള കോണ്‍ഗ്രസില്‍നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയതിനെയും ചിലര്‍ ബിജെപിയെ വിമര്‍ശിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റയെപ്പോലും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന ഉള്‍പ്പെടുത്തി രാജ്യസഭാംഗമാക്കി. എന്നാല്‍ ബിജെപിക്ക് സീറ്റ് കുറഞ്ഞ ഉത്തര്‍പ്രദേശിലെ ഫലത്തെക്കുറിച്ച് ആരാണ് സംസാരിക്കുക? അവര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ട മറ്റ് സംസ്ഥാനങ്ങളുടെ കാര്യമോ?'' അദ്ദേഹം ചോദിച്ചു.

പക്ഷെ സംയമനം പാലിച്ചുള്ള പ്രതികരണമാണ് അജിത് പവാര്‍ പക്ഷത്തിലെ പ്രമുഖ നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരു വാരികയില്‍ വന്ന ലേഖനം ബിജെപിയുടെ നിലപാട് പ്രതിഫലിക്കുന്നതല്ലെന്നായിരുന്നു പ്രഫുല്‍ പട്ടേലിന്റെ പ്രതികരണം. ആ പ്രതികരണത്തെ ബിജെപിയുടെ നിലപാടായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉടക്കിനില്‍ക്കുന്ന എന്‍സിപി അജിത് പവാര്‍ പക്ഷത്തെ അനുനയിപ്പിക്കാന്‍ മഹാരാഷ്ട്ര ബിജെപിയുടെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപിക്ക് എന്‍സിപി അജിത് പവാര്‍ പക്ഷത്തെ ഒഴിവാക്കാനുളള ആലോചനയുണ്ടന്നും പാര്‍ട്ടി വൃത്തങ്ങളില്‍നിന്ന് സൂചനയുണ്ട്.