കെഎസ്ആർടിസി ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഡ്രൈവിങ് സ്കൂൾ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ പരിശീലന കാറിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഉടനുണ്ടാകുമെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

മിതമായ ചെലവിൽ ഡ്രൈവിംഗ് പരിശീലനം നൽകാനുള്ള പദ്ധതി ഒരുങ്ങുന്നതായി ഗതാഗത വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിത് സ്ഥിരീകരിക്കുകയാണ് ഗണേഷ് കുമാർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉൾപ്പെടെ നൽകും.

അതതിടങ്ങളിൽത്തന്നെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് വിഭാവനം ചെയ്യുന്നത്.