ഇന്ത്യക്ക് പാകിസ്ഥാനേക്കാള്‍ കൂടുതല്‍ ആണവായുധങ്ങളുണ്ടെന്ന് സ്വീഡന്‍ ആസ്ഥാനമായ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ട്. അതേസമയം ചൈന അതിന്റെ ആണവായുധങ്ങള്‍ 2023 ജനുവരിയില്‍ 410 ല്‍ നിന്ന് 2024 ജനുവരി എത്തിയപ്പോഴേക്കും 500 ആയി ഉയര്‍ത്തിയെന്നും സംഘടന പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ലോകം രണ്ട് യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍, ഇന്ത്യ, പാകിസ്ഥാന്‍, ചൈന എന്നിവയുള്‍പ്പെടെ ഒമ്പത് ആണവായുധ രാജ്യങ്ങള്‍ തങ്ങളുടെ ആണവായുധങ്ങള്‍ നവീകരിക്കുന്നത് തുടരുന്നതായി സംഘടന കണ്ടെത്തി. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ഉത്തര കൊറിയ, ഇസ്രായേല്‍ എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങള്‍.

2024 ജനുവരിയിലെ കണക്ക് പ്രകാരം ഇന്ത്യക്ക് 172 ആണവ പോര്‍മുനകള്‍ ഉണ്ടെന്നും ഇത് പാകിസ്ഥാനേക്കാള്‍ രണ്ടെണ്ണം കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023-ല്‍ ഇന്ത്യ അതിന്റെ ആണവായുധശേഖരം ചെറിയ തോതില്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും 2023-ല്‍ പുതിയ തരം ആണവ വിതരണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് തുടര്‍ന്നു.

'ഇന്ത്യയുടെ ആണവ പ്രതിരോധത്തിന്റെ പ്രധാന കേന്ദ്രമായി പാകിസ്ഥാന്‍ തുടരുമ്പോള്‍, ചൈനയിലുടനീളമുള്ള ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിവുള്ളവ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ആയുധങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായി തോന്നുന്നു,' റിപ്പോര്‍ട്ട് പറയുന്നു.ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്നിലധികം പോര്‍മുനകള്‍ വിന്യസിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ഉത്തരകൊറിയയും റഷ്യയുടെയും യുഎസിന്റെയും പാത പിന്തുടരുകയാണെന്നും സ്വീഡിഷ് തിങ്ക് ടാങ്ക് പറഞ്ഞു.

എല്ലാ ആണവായുധങ്ങളുടെയും 90 ശതമാനം റഷ്യയും യുഎസുമാണ് കൈവശം വെച്ചിരിക്കുന്നത്. 2023 ല്‍ നിരവധി രാജ്യങ്ങള്‍ പുതിയ ആണവായുധ ശേഷിയുള്ള ആയുധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഏകദേശം 2,100 ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍- കൂടുതലും യുഎസിന്റെയും റഷ്യയുടെയും ഉടമസ്ഥതയിലുള്ളവ- ബാലിസ്റ്റിക് മിസൈലുകളില്‍ ഉയര്‍ന്ന പ്രവര്‍ത്തന ജാഗ്രതയില്‍ സൂക്ഷിച്ചിരിക്കുന്നു. ചൈനയും ആദ്യമായി ചില യുദ്ധപോര്‍മുനകള്‍ ഉയര്‍ന്ന പ്രവര്‍ത്തന ജാഗ്രതയില്‍ സൂക്ഷിച്ചിരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.