തന്നെ മന്ത്രിയാക്കിയ പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഒ.ആർ.കേളു.വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ് ഒ ആർ കേളു. ആദിവാസി ഗോത്ര വിഭാഗമായ കുറിച്യ സമുദായത്തിൽപ്പെട്ടയാളാണ് 53 കാരനായ കേളു.ഉത്തരവാദിത്തമുള്ള കാര്യമാണ് മന്ത്രിപദമെന്നും വയനാട്ടിൽ ആദിവാസി വിഭാഗങ്ങളുടെ പ്രശ്നങ്ങളും വന്യജീവി വിഷയവുമാണ് പ്രധാന വിഷയം. കേരളത്തിലെ ആദിവാസികൾ അഭിമുഖീകരിക്കുന്ന പൊതു വിഷയങ്ങളുമുണ്ടെന്നും ഒ.ആർ. കേളു പറഞ്ഞു.

മാനന്തവാടി എംഎൽഎയാണ് കേളു. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നൽകുക. സിപിഎം സംസ്ഥാന സമിതിയംഗമാണ് ഒ ആർ കേളു. അതേസമയം, കേരള മന്ത്രി സഭയിൽ ചെറിയ മാറ്റങ്ങളും ഉണ്ടാവും.കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകി.

ലോക്സഭാ എംപിയായി കെ രാധാകൃഷ്ണൻ തെര‍ഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്.പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.