കണ്ണൂര്‍ സര്‍വകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്വല വിജയം. മുഴുവൻ സീറ്റുകളിലും വിജയിച്ചാണ് എസ്എഫ്ഐ തുടർച്ചയായ 25 -ാം വർഷവും ഭരണം പിടിച്ചെടുത്തത്. എംഎസ്എഫ്, കെഎസ്‌യു സഖ്യമായ യുഡിഎസ്എഫിന് ഒരു സീറ്റ് പോലും നേടാനായില്ല.

തിരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ആരോപണമുയർന്നതോടെ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷവും ഉണ്ടായിരുന്നു. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു - എംഎസ്എഫ് പ്രവർത്തകർ കള്ള വോട്ട് ചെയ്തുവെന്ന് എസ്എഫ്ഐ ആരോപിച്ചതോടെയാണ് സംഘർഷമുണ്ടായത്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

പിന്നാലെ കനത്ത പൊലീസ് സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതോടെ ആക്ഷേപമുന്നയിക്കപ്പെട്ട വിദ്യാർത്ഥിനി വോട്ട് ചെയ്യുകയും ചെയ്തു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐ എട്ട് സീറ്റുകളിലും വിജയിച്ചു.

കഴിഞ്ഞ കാൽനൂറ്റാണ്ടായി എസ്എഫ്ഐ തുടരുന്ന സമഗ്രാധിപത്യം ഇത്തവണയും തുടർന്നു എന്നതിനപ്പുറം പ്രതിസന്ധിയുടെ കാലത്ത് നേടിയ വിജയം എന്ന നിലയിൽ സംഘടനയുടെ രാഷ്ട്രീയ മറുപടി കൂടിയാണ് എന്ന് എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു.