റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കൊല്ലപ്പെടുകയും ചെയ്ത ഇന്ത്യൻ പൗരന്മാരുടെ കുടുംബത്തിന് റഷ്യ നഷ്ടപരിഹാരവും പൗരത്വവും വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. മൃതദേഹം ഏറ്റുവാങ്ങാൻ റഷ്യയിലെത്തിയ രണ്ടുപേരുടെ ബന്ധുക്കൾക്ക് 1.3 കോടി രൂപയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തതായാണ് വിവരം.

യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ സുരക്ഷാ സഹായികളായി ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ഉടൻ വിട്ടയക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ പുടിൻ അംഗീകരിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ.

റഷ്യൻ സൈന്യത്തിന്റെ ഭാഗമാകേണ്ടി വന്ന ഇന്ത്യക്കാരിൽ നാലുപേരാണ് 2024-ല്‍ കൊല്ലപ്പെട്ടത്. രണ്ടുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം അൻപതോളം ഇന്ത്യക്കാർ അനധികൃതമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായാണ് കണക്ക്. അതിൽ മുപ്പത് പേർ മടങ്ങിവരാൻ വേണ്ടി ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാൻ, ഹെമിൽ മങ്കുക്കിയ എന്നിവരുടെ മൃതദേഹം മാത്രമാണ് ഇതുവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.


ഹെമിലിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ റഷ്യയിലെത്തിയ ഹെമിലിന്റെ പിതാവ് അശ്വിൻഭായ് മങ്കുക്കിയയോടും മുഹമ്മദ് അസ്ഫാന്റെ സഹോദരനോടും നഷ്ടപരിഹാരം സംബന്ധിച്ച് റഷ്യൻ അധികൃതർ സംസാരിച്ചിരുന്നുവെന്നാണ് അവർ ദ ഹിന്ദുവിനോട് പ്രതികരിച്ചത്.

റഷ്യൻ പൗരത്വം, 1.3 കോടി രൂപ നഷ്ടപരിഹാരം, കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ പ്രതിമാസം ₹18,000 സ്റ്റൈപ്പൻ്റിനും കുടുംബത്തിന് അർഹതയുണ്ടെന്നായിരുന്നു അവർ അറിയിച്ചതെന്ന് ഹെമിലിന്റെ പിതാവ് പറഞ്ഞു. റഷ്യയിൽ ഒരു ബാങ്ക് അക്കൗണ്ട് തുറപ്പിച്ചതായും അതിലേക്ക് ഇതിനോടകം 45 ലക്ഷം രൂപ നിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു.