കേരള ഭരണം പിടിക്കുക എന്നത് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തുടര്‍ന്നാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, യു.ഡി.എഫിലെ ഭിന്നത അത്രയ്ക്കും രൂക്ഷമാണ്. പത്ത് വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനെതിരായ ജനവികാരം തങ്ങള്‍ക്ക് അനുകൂലമായാല്‍ 2026-ല്‍ ഭരണം പിടിക്കാം എന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോകുന്ന യു.ഡി.എഫ് നേതൃത്വത്തിന് മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് വലിയ തിരിച്ചടിയായി മാറും. കാരണം, അത്രയ്ക്കും വിഷയങ്ങള്‍ കോണ്‍ഗ്രസ്സിലും മുസ്ലീം ലീഗിലും നിലവിലുണ്ട്.
വെറും 31 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 17 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചത് വലിയ നേട്ടമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളും യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഇപ്പോഴത്തെ യു.ഡി.എഫിന്റെ ചെറിയ നേട്ടം പോലും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് വിലയിരുത്താന്‍ കഴിയുകയില്ല. കാരണം, ഇപ്പോള്‍ നടന്നിരിക്കുന്ന വാര്‍ഡ് വിഭജനങ്ങള്‍ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാമെന്ന് കരുതിയാല്‍ അവിടെയും ചില വെല്ലുവിളികളുണ്ട്. കാരണം, ലോക്സഭ മണ്ഡലങ്ങളുടെ വിഭജനം യു.ഡി.എഫിന് അനുകൂലമായാണ് വന്നതെങ്കില്‍ നിയമസഭാ മണ്ഡലങ്ങളുടെ വിഭജനം ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.
പിണറായി വിജയന് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് ഇതും ഒരു പ്രധാന കാരണമായിരുന്നു. അങ്ങനെ പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് ഇനിയും ഭരണം ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതല്ലെങ്കില്‍, അത്രയ്ക്കും ശക്തമായ ജനവികാരം സര്‍ക്കാരിന് എതിരെ ഉയരണം. എങ്കില്‍ മാത്രമേ, യു.ഡി.എഫിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഈ കണക്കുകളെ സാധൂകരിക്കുന്നതാണ്. പാലക്കാട് യു.ഡി.എഫ് നിലനിര്‍ത്തിയപ്പോള്‍ വിവാദ വിഷയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളിയായിട്ടും ചേലക്കര നല്ല ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.
2026-ല്‍ തിരിച്ചു വരവിന് ശ്രമിക്കുന്ന യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്ന വിജയമാണ് ചേലക്കരയില്‍ ഇടതുപക്ഷം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു പുറമെ, ലീഗിലും കോണ്‍ഗ്രസ്സിലും ഉണ്ടായി കൊണ്ടിരിക്കുന്ന അടി ഒഴുക്കുകളും യു.ഡി.എഫിന്റെ സാധ്യതയ്ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തുന്നതാണ്.
ലീഗ് നേതൃത്വവും സമസ്തയിലെ പ്രബല വിഭാഗവും തമ്മിലുള്ള തര്‍ക്കവും വഖഫ് വിഷയത്തിലെ ഭിന്നതയുമാണ് ലീഗിന് മുന്നിലെ പ്രധാന വെല്ലുവിളി. ലീഗില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ – കെ.എം ഷാജി വിഭാഗവും കുഞ്ഞാലിക്കുട്ടി വിഭാഗവും ഇപ്പോഴും കടുത്ത ഭിന്നതയിലാണ് ഉള്ളത്. വഖഫ് വിഷയത്തിലെ കെ.എം ഷാജിയുടെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും പരസ്യമായ പ്രതികരണം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കും രസിച്ചിട്ടില്ല. ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്കിയതും സാദിഖലി തങ്ങളുടെ ഇടപെടല്‍ മൂലമാണ്. 2026-ല്‍ ഭരണം ലഭിക്കും എന്ന ഒറ്റ പ്രതീക്ഷയിലാണ് ലീഗില്‍ പൊട്ടിത്തെറി ഉണ്ടാകാതിരിക്കുന്നത്.