മദ്യനയ കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇഡിക്ക് അനുമതി. ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ സക്‌സേനയാണ് അനുമതി നൽകിയത്. ഡൽഹി നിയമ സഭാ തിരഞ്ഞെടുപ്പിന് ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കെ ​ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത് കെജ്‌രിവാളിനെ കുരുക്കിലാക്കിയിരിക്കുകയാണ്.

ബി.ജെ.പി.യെ തോൽപ്പിച്ച് നാലാം തവണയും അധികാരം ഉറപ്പിക്കാൻ എ.എ.പി ശ്രമം നടത്തുന്നതിനിടെയാണ് ഈ നീക്കം. 2021-22 വർഷത്തെ മദ്യ നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡിസംബർ 5 ന് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇ.ഡി ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയിരുന്നു.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 38 സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഞായറാഴ്ച ആം ആദ്മി പാർട്ടി പുറത്തിറക്കിയിരുന്നു. എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി അതിഷി കൽക്കാജിയിൽ നിന്ന് മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ നിന്ന് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നുണ്ട്. 70 സീറ്റുകളിലേക്കും ആം ആദ്മി സ്ഥാനാർത്ഥികളെ നിർണയിച്ചു കഴിഞ്ഞു.

തികഞ്ഞ മുന്നൊരുക്കത്തോടെയാണ് തങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ബി.ജെ.പി തങ്ങളെ തകർക്കുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ലാതെ മുന്നോട്ട് പോവുകയാണെന്നും കെജ്‌രിവാൾ എക്സിൽ കുറിച്ചിരിക്കുകയാണ്. ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ ഇ.ഡി. പ്രോസിക്യൂഷൻ ബാധിക്കുമോ എന്നാണ് ഇനി കാണേണ്ടത്.