മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി വാസുദേവൻ നായർ.
ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസ്സിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസ്സിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തിൻ്റെ ഇതിഹാസം എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് വയനാട് എം.പി പ്രിയങ്കഗാന്ധി. 'എം.ടി. വാസുദേവന്‍ നായരുടെ വേര്‍പാടോടെ സാഹിത്യത്തെയും സിനിമയേയും സാംസ്‌കാരികാവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി പരിവര്‍ത്തനം ചെയ്ത ഒരു മഹാപ്രതിഭയേയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ പൈതൃകവും മനുഷ്യവികാരങ്ങളുടെ ആഴവും ഉള്‍കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.
കലയുടെയും സാഹിത്യത്തിന്റെയും ഉത്തമ സംരക്ഷകനായ അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെയൊന്നാകെ പിടിച്ചുലയ്ക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നു. അദ്ദേഹം പറഞ്ഞ എല്ലാ കഥകളിലൂടെയും അദ്ദേഹം സ്പര്‍ശിച്ച എല്ലാ കഥകളിലൂടെയും അദ്ദേഹത്തിന്റെ പൈതൃകം ഇനിയും ജീവിക്കും', പ്രിയങ്ക ഫെയ്സ്ബുക്കിൽ കുറിച്ചു.
മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയർത്തിയ കഥകളുടെ പെരുന്തച്ചനായിരുന്നു എംടി വാസുദേവൻ നായരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിതെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കുമെന്നും മന്ത്രി പറഞ്ഞു.