അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടങ്ങളും അതിനനുയോജ്യമായ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനുള്ള കേരള സർക്കാരിൻ്റെ ലക്ഷ്യത്തിൻ്റെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. അടാട്ട് ഗ്രാമ പഞ്ചായത്തിലെ ചൂരക്കാട്ടുക്കര ഗവ. യു.പി. സ്കൂളിൽ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖല സർക്കാർ ഉയർത്തിപ്പിടിക്കുന്ന നവകേരളം എന്ന ആശയത്തിൻ്റെ മുഖഛായയാണ്. അത് ഏറ്റവും തെളിമയുള്ളതാക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ആത്യന്തികമായി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൽ രണ്ട് നിലകളും അഞ്ച് ക്ലാസ്സ് മുറികളുമാണുള്ളത്. ഉദ്ഘാടന സമ്മേളനത്തിൽ വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. അടാട്ട് ഗ്രാമപഞ്ചായത് പ്രസിഡൻ്റ് സിമി അജിത്കുമാർ, ഹെഡ്മിസ്ട്രസ് എ.ഒ. ജസീന്ത, പി ടി എ അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.