കമ്മ്യൂണിസ്റ്റുകാർ പരസ്യമായി മദ്യപിച്ച് നാലുകാലിൽ വരാൻ പാടില്ലെന്നും മദ്യപാന ശീലമുണ്ടെങ്കിൽ വീട്ടിൽ വച്ചായിക്കോ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മദ്യനിരോധനമല്ല, മദ്യവർജനമാണ് പാർട്ടി നയമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നൽകുന്നതടക്കം നിർദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. മദ്യ നയം സംബന്ധിച്ച സിപിഐ പാർട്ടി മെമ്പർമാർക്കുളള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമർശം വലിയ രീതിയിൽ ചർച്ചയായതോടെയാണ് മദ്യനിരോധനമല്ല, മദ്യ വർജനമാണ് സിപിഐ നയമെന്ന് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവിൽ മദ്യപാനം സംബന്ധിച്ച നിലപാട് തിരുത്തുന്നത്. പ്രവർത്തകർക്ക് മദ്യപിക്കാം, എന്നാൽ അമിതമാവരുതെന്നാണ് നിർദേശം. നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും, പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കും വിധം പ്രവർ‌ത്തിക്കരുതെന്നും നിർദേശമുണ്ട്.