മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരിൽ സംസ്ഥാന മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. സർക്കാർ വാഹനം രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോ​ഗിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 223 (എ) പ്രകാരമാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്.

ജനുവരി എട്ടിന് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സർക്കാർ‌ വാഹനം രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചെന്ന് ആരോപിച്ചായിരുന്നു പരാതി. സർക്കാർ വാഹനം പൊതുഭരണ വകുപ്പിന്റെ ( ജി എ ഡി) ജി എസ് എൻ സി ടി ഡിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിച്ചതായി റിപ്പോർട്ടുണ്ട്.

കൽക്കാജി മണ്ഡലത്തിൽ നാമനിർദേശ പത്രികാ സമർപ്പണത്തിനെത്തിയ അതേ ദിവസം തന്നെയാണ് അതിഷിക്കെതിരെ കേസ് എടുത്തത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്.