നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ബോബിക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തി കേരള പൊലീസ്. BNS 78 ആണ് ചുമത്തിയത്. പിന്തുടർന്ന് ശല്യം ചെയ്തതിനാണ് ഈ വകുപ്പ് ചുമത്തിയത്.
സെൻട്രൽ പൊലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ഹണി റോസ് നൽകിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ്. നേരത്തെ BNS 75, IT ആക്ട് 67 എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപ, രണ്ട് ആൾ ജാമ്യം എന്ന സ്വാഭാവിക ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഹണി റോസിനെതിരെ ബോബി നടത്തിയത് ദ്വയാർഥ പ്രയോഗം തന്നെയാണെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞിട്ടുണ്ട്.