കേന്ദ്ര ബജറ്റിൽ കേരളത്തിനുണ്ടായത് അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദയ യാചിച്ച് നിൽക്കുകയല്ല സംസ്ഥാനമെന്നും എയിംസ് നൽകുമെന്ന വാഗ്ദാനം പാലിച്ചില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസിനായുള്ള സ്ഥലം കേരളം കേന്ദ്രത്തിന് മുന്നിൽ നിർദ്ദേശിച്ചിരുന്നു. കേന്ദ്രത്തിന് കേരളത്തോട് പകപോക്കൽ സമീപനമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

എന്തും കേരളത്തോട് ആകാമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര ബജറ്റിൽ കേരളത്തിലെ ബിജെപി നേതാക്കളുടെ പ്രതികരണം വിചിത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ, മനുഷ്യ-വന്യജീവി സംഘർഷം, വിഴിഞ്ഞം തുറമുഖ വികസനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വർഷമായിരുന്നു കേരളത്തിന് 2024. അപ്രതീക്ഷിത ദുരന്തങ്ങളിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുന്നതിനിടെ 2025ലെ ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കിയത്. പക്ഷേ കേന്ദ്രം പതിവു തെറ്റിച്ചില്ല, ഇക്കുറിയും ബജറ്റിൽ കേരളത്തിന് കാര്യമായി ഒന്നും ലഭിച്ചിരുന്നില്ല. പാലക്കാട്ടെ ഐഐടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതൊഴിച്ചാൽ ബജറ്റ് അവതരണത്തിൽ ധനമന്ത്രി കേരളത്തെ കുറിച്ച് പരാമർശിച്ചതേയില്ല.

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. കേരളത്തിലെ മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനും പ്രത്യേക പാക്കേജുകളും കേരളം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. എന്നാൽ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിൻ്റെ പ്രതീക്ഷയാകെ താളം തെറ്റുകയായിരുന്നു.