ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എം എല്‍ എ. ഇന്‍വെസ്റ്റ് കേരള നല്ല കാര്യമാണ്. ലോകം മാറുമ്പോള്‍ കേരളവും മാറണം. പോസിറ്റീവായി ഒരു കാര്യം നടക്കുമ്പോള്‍ പോസിറ്റീവായി തന്നെ എടുക്കണം. ഒന്‍പത് വര്‍ഷം മുന്‍പ് നടത്തേണ്ട പരിപാടിയായിരുന്നു, വൈകി പോയെന്ന് മാത്രമെ തോന്നുന്നുള്ളൂ. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നാണല്ലോ, കേരളം വികസിക്കണമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികള്‍ ഉച്ചകോടിയില്‍ സന്നിഹിതരാകും. സിംബാബ്വേ, ബഹ്‌റൈന്‍, അബുദാബി തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിതല സംഘവും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ജര്‍മനി, വിയറ്റ്‌നാം, നോര്‍വേ, ഓസ്‌ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കാളികളാകും. ഷാര്‍ജ, അബുദാബി, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും ഉച്ചകോടിക്കെത്തും. വിദേശ പ്രതിനിധികള്‍ അടക്കം 3000 പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ വിവിധ മേഖലകളെ കുറിച്ചുള്ള 30 സെഷനുകളും നടക്കും.