കോൺ​ഗ്രസിലെ അനൈക്യത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീ​ഗ് നേതാവ് എം കെ മുനീർ. വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യം തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോൺഗ്രസ് ആണ്. ഇക്കാര്യം ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ഗൗരവത്തോടെ കാണണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു.


മണാലിയിൽ പോയ നബീസുമ്മയെ മതപണ്ഡിതൻ അധിക്ഷേപിച്ച സംഭവത്തിലും എം കെ മുനീർ പ്രതികരിച്ചു. മുസ്‌ലിം സമുദായത്തിൽ നിന്ന് സ്ത്രീകൾ പൈലറ്റുമാർ വരെ ആയിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ വെട്ടിത്തിളങ്ങുന്നവരാണ്. അവരാരും വീട്ടിൽ ഇരിക്കുന്നു എന്ന് പറയരുത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്ന് പറഞ്ഞ് അതൊന്നുമല്ല വാസ്തവം എന്നും എം കെ മുനീർ വ്യക്തമാക്കി.