ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ വിജയം പ്രഖ്യാപിക്കാന്‍ റഷ്യ ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ട്. 2022 ല്‍ ഉക്രെയ്‌നെതിരായ ആക്രമണം പ്രഖ്യാപിച്ചതിന്റെ മൂന്നാം വാര്‍ഷികമായ ഫെബ്രുവരി 24 ന് യുദ്ധത്തില്‍ റഷ്യ വിജയം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉക്രെയ്ന്‍ മിലിട്ടറി ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ദി കൈവ് ഇന്‍ഡിപെന്‍ഡന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, ക്രെംലിന്‍ ഈ പ്രഖ്യാപനത്തെ ഉക്രെയ്നിനും നാറ്റോയ്ക്കുമെതിരായ വിജയമായി ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണ്.''സമ്പൂര്‍ണ യുദ്ധത്തിന്റെ തുടക്കത്തിന്റെ മൂന്നാം വാര്‍ഷികമായ 2025 ഫെബ്രുവരി 24-ന് ഉക്രെയ്നിനെതിരായ യുദ്ധത്തില്‍ റഷ്യ 'വിജയം' പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ്,'' ഇന്റലിജന്‍സ് ഏജന്‍സി പറഞ്ഞു.
യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്കയും റഷ്യയും തമ്മില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രഹസ്യാന്വേഷണ വിവരം.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ കൈയൊഴിഞ്ഞ മട്ടാണ്.
യുഎസിന്റെയും നാറ്റോയുടെയും തുടര്‍ന്നുള്ള സഹായങ്ങള്‍ ഉക്രെയ്‌ന് ലഭിക്കില്ലെന്ന് കണക്കാക്കിയാണ് യുദ്ധവിജയ പ്രഖ്യാപനത്തിലേക്ക് പുടിന്‍ ഭരണകൂടം നീങ്ങുന്നത്.ബുധനാഴ്ച ട്രംപ് സെലന്‍സ്‌കിയെ 'സ്വേച്ഛാധിപതി' എന്ന് വിശേഷിപ്പിക്കുകയും യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേഗത്തില്‍ നീങ്ങുന്നതാണ് നല്ലതെന്നും അല്ലെങ്കില്‍ നയിക്കാന്‍ ഒരു രാഷ്ട്രം ഉണ്ടാവില്ലെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.