ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കുമായി എയര്‍ടെല്ലും റിലയന്‍സ് ജിയോയും കരാര്‍ ഒപ്പിട്ടതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും തന്ത്രപ്രധാനമായ ഉപഗ്രഹ സ്പെക്ട്രത്തില്‍ വിദേശ കമ്പനികള്‍ക്ക് പങ്കാളിത്തം നല്‍കരുതെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ പ്രീതി നേടാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് ടെലികോം കമ്പനികളായ എയര്‍ടെല്ലും റിലയന്‍സ് ജിയോയും ഇലോണ്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടതായി വെളിപ്പെടുത്തിയത്. സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനത്തെ നേരത്തേ എതിര്‍ത്ത കമ്പനികള്‍ ഇപ്പോള്‍, ഇവരുമായി പങ്കാളിത്തം ഉണ്ടായതില്‍ പ്രതിപക്ഷം ആശങ്കയും പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയ സുരക്ഷയെക്കുറിച്ചുളള ഗുരുതരമായ ചോദ്യങ്ങളാണ് കരാര്‍ ഉയര്‍ത്തുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു. സ്റ്റാര്‍ലിങ്കുമായി രാജ്യം കരാറില്‍ ഏര്‍പ്പെടാന്‍ അനുവദിക്കരുതെന്നും സിപിഐഎം ആവശ്യപ്പെട്ടു.

സ്പെക്ട്രം ഒരു അപൂര്‍വ വിഭവമാണെന്നും സ്വതന്ത്രവും സുതാര്യവുമായ ലേലത്തിലൂടെ മാത്രമേ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിക്കാവൂ എന്നും സുപ്രീം കോടതി ടുജി സ്പെക്ട്രം കേസില്‍ വിധിച്ചിരുന്നു. അതിനാല്‍ സ്പെക്ട്രം അനുവദിക്കുന്നതിനുള്ള ഏതൊരു സ്വകാര്യ ഇടപാടും നിയമ ലംഘനമായിരിക്കും. പ്രതിരോധം, ഐഎസ്ആര്‍ഒ പോലുളള തന്ത്രപ്രധാനമായ ഉപയോഗങ്ങള്‍ക്ക് മാത്രമായി സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കണം. സുപ്രധാന ഓര്‍ബിറ്റല്‍ സ്ലോട്ടുകള്‍ പിടിച്ചെടുക്കാന്‍ അത്തരം ഉപഗ്രഹങ്ങളെ അനുവദിക്കുന്നത് രാജ്യത്തിന്റെ കാലാവസ്ഥ, പ്രകൃതി വിഭവങ്ങള്‍, വാണിജ്യം, സൈനിക, പ്രതിരോധ ഡേറ്റകളുടെ സുരക്ഷയെ ബാധിക്കുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഡൊണാള്‍ഡ് ട്രംപിനോടുളള വിധേയത്വമാണ് കരാറിന് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസും ആരോപിച്ചു. മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടന്നതിന് പിന്നാലെയുളള നീക്കം സംശയകരമെന്നും ജയറാം രമേശ് ആരോപിച്ചു. അതിനിടെ സ്റ്റാര്‍ലിങ്കുമായുളള ടെലികോം കമ്പനികളുടെ കരാറിനെ സ്വാഗതം ചെയ്ത റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ്, സംഭവം വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു. സ്റ്റാര്‍ലിങ്കിന്റെ സേവനം ലഭ്യമായാല്‍ റെയില്‍വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നായിരുന്നു റെയില്‍മന്ത്രിയുടെ ട്വീറ്റ്.