ഗോധ്ര കലാപവുമായി ബന്ധപ്പെട്ട് സംഘ് പരിവാർ സൈബർ ആക്രമണം നേരിടുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ കാണാൻ കുടുംബസമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ ലുലു മാളിൽ എത്തിയാണ് മുഖ്യമന്ത്രിയും കുടുംബവും ഹിറ്റ് ചിത്രം ചിത്രം കണ്ടത്.
അതേസമയം, വിവാദങ്ങൾ 'എമ്പുരാന്' തുണയാകുന്നുവെന്നാണ് ടിക്കറ്റ് ബുക്കിങ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ 28K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ മാത്രം വിറ്റുപോയത്.
അതേസമയം, എമ്പുരാൻ്റെ സെൻസേർഡ് പതിപ്പ് അടുത്തയാഴ്ച തിയേറ്റിൽ പ്രദർശനത്തിനെത്തും. പതിനേഴിലേറെ ഭാഗങ്ങൾ നിർമാതാക്കൾ തന്നെയാണ് ഒഴിവാക്കിയത്. ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളും ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവുമാണ് നീക്കം ചെയ്യുന്നത്.
ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. എമ്പുരാൻ സിനിമ ഒരു വശത്ത് 100 കോടി ക്ലബ്ബും കടന്ന് മുന്നേറുമ്പോൾ മറുവശത്ത് വിവാദങ്ങൾ ഉയരുകയാണ്. ദേശവിരുദ്ധ അജണ്ട ആരോപിച്ച് ആർഎസ്‌എസ് ഉൾപ്പെടെയുള്ള വർഗീയ സംഘടനകൾ ചിത്രത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്.