എമ്പുരാൻ സിനിമയുടെ റീ എഡിറ്റിങ്ങ് സംബന്ധിച്ച് തീരുമാനമായില്ല. റീ എഡിറ്റിങ്ങ് ആവശ്യം ഉന്നയിച്ച് നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിൽ അപേക്ഷ നൽകിയിട്ടില്ല. ഓൺലൈൻ വഴിയാണ് നിർമാതാക്കൾ റീ എഡിറ്റിങ്ങ് ആവശ്യം അറിയിക്കേണ്ടത്. എന്നാൽ ഇതുവരേയും സെൻസർ ബോർഡിന് മുമ്പാകെ അപേക്ഷ ലഭിച്ചിട്ടില്ല.

റീ എഡിറ്റിങ്ങ് ആവശ്യമാണെങ്കിൽ വോളണ്ടറി മോഡിഫിക്കേഷൻ എന്ന രീതിയാണ് സെൻസർ ബോർഡിൽ ഉള്ളത്. പോർട്ടൽ വഴി ലഭിക്കുന്ന നിർമാതാക്കളുടെ അപേക്ഷയിലാണ് വോളണ്ടറി മോഡിഫിക്കേഷൻ സെൻസർ ബോർഡ് പരിഗണിക്കുക. അപേക്ഷ ലഭിക്കുന്ന പക്ഷം സെൻസർ ബോർഡ് ചിത്രം വീണ്ടും കണ്ട ശേഷമാകും ചിത്രത്തിന്റെ പുതിയ പതിപ്പ് തീയേറ്ററിൽ പ്രദർശിപ്പിക്കുക.

മാർച്ച് 27നാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ എമ്പുരാൻ റിലീസ് ചെയ്തത്. പിന്നാലെ സിനിമയ്‌ക്കെതിരേ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ വിമർശനമാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് എമ്പുരാനിൽ സ്വന്തം നിലയിൽ മാറ്റം വരുത്താൻ സെൻസർ ബോർഡിനെ നിർമാതാക്കൾ സമീപിച്ചെന്ന് വാർത്തകൾ വന്നത്.