എമ്പുരാൻ’ രാഷ്ട്രീയ വിവാദമായിരിക്കെ സിനിമയെ തള്ളിപറഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എമ്പുരാൻ സിനിമ കാണില്ലെന്ന് ആണ് ചന്ദ്രശേഖർ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം വന്നപ്പോഴും ‘എമ്പുരാൻ’ കാണുമെന്ന് പറഞ്ഞ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു.
എന്നാൽ ചിത്രം കാണുമെന്ന പ്രഖ്യാപനം ആർഎസ്എസിന്റെ എതിർപ്പ് സമ്പാദിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കണ്ണിലെ കരടായി മാറുമെന്ന് ഉറപ്പായതോടെയുമാണ് ചന്ദ്രശേഖർ ഇപ്പോൾ മലക്കം മറിഞ്ഞിരിക്കുന്നത് എന്നാണ് ഉയരുന്ന വിമർശനം.
പ്രമേയത്തിലും കഥാപാത്രങ്ങളിലും ബിജെപി വിമര്‍ശനമുണ്ടെന്ന അവലോകനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. വ്യാപക ആക്രമണം തുടങ്ങുന്നതിന് മുമ്പാണ് സംസ്ഥാന അധ്യക്ഷന്‍ ചിത്രത്തെ പിന്തുണച്ച് ഫേയ്സ്ബുക്കിൽ പ്രതികരിച്ചത്. ‘മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്’, എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എന്നാൽ സാഹചര്യം വഷളായതോടെ ”സത്യം വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. ഇത്തരത്തിലുള്ള സിനിമാ നിർമാണത്തിൽ താൻ നിരാശനാണെന്നും ആണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
‘‘ ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമാതാക്കൾതന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു സിനിമയെ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും. അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല. ഇത്തരത്തിലുള്ള സിനിമാനിർമാണത്തിൽ ഞാൻ നിരാശനാണോ? – അതെ’’, എന്നാണ് ചന്ദ്രശേഖർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
എമ്പുരാൻ സിനിമയെ വെള്ളപൂശാൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾ എല്ലാം തന്നെ ആർ.എസ്.എസിൻ്റെ നോട്ടപുള്ളികളായി മാറിക്കഴിഞ്ഞു. ഇവരുടെ രാഷ്ട്രീയ ഭാവി അധികം താമസിയാതെ ഇരുളടയാനാണ് സാധ്യത എന്നാണ് ഉയരുന്ന വിമർശനം. സിനിമയെ സിനിമയായി കാണണമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിനും, എമ്പുരാൻ സിനിമ കാണുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി ജോർജ് കുര്യനും ഉൾപ്പെടെ, എമ്പുരാൻ അനുകൂലികളായ ബി.ജെ.പി നേതാക്കൾക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് സംഘപരിവാർ ഗ്രൂപ്പുകളിൽ ഉയർന്നിരിക്കുന്നത്.