ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ മധ്യപ്രദേശ് ജബല്‍പൂരിലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഭീഷണി. മര്യാദയ്ക്ക് സംസാരിക്കണമെന്ന് സുരേഷ് ഗോപി റിപ്പോർട്ടറോട് കയർത്തു.

ഡോ. ജോണ്‍ ബ്രിട്ടാസ് എം പിയെയും സുരേഷ് ഗോപി അധിക്ഷേപിച്ചു. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ കൈരളി ന്യൂസിലേതാണെന്ന് അറിഞ്ഞപ്പോൾ, ചോദ്യങ്ങള്‍ ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതി എന്ന് സുരേഷ് ഗോപി യാതൊരു മര്യാദയുമില്ലാതെ പ്രതികരിച്ചു.

കേരളത്തിൽ ബി ജെ പിക്ക് ലഭിച്ച ഏക സീറ്റ് പൂട്ടിക്കുമെന്ന് ബ്രിട്ടാസ് എം പി പറഞ്ഞല്ലോ എന്ന ചോദ്യത്തിനും അധിക്ഷേപകരമായിരുന്നു മറുപടി. അക്ഷരം മാറ്റിയാല്‍ മതിയെന്നായിരുന്നു ഇതിനുള്ള അശ്ലീല മറുപടി.
ജബല്‍പൂരിലെ അക്രമത്തെ കുറിച്ച് പറയാന്‍ സൗകര്യമില്ലെന്നും അക്രമങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നുണ്ടെന്നും പറഞ്ഞ് കൃത്യമായ മറുപടിയില്ലാത്തതിനാൽ തടിതപ്പുകയായിരുന്നു ഒടുവിൽ സുരേഷ് ഗോപി.