തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. രാജ്യത്തെ എല്ലാവര്‍ക്കും മനസിലാകുന്ന തരത്തില്‍ വിധി പ്രസ്താവം നടത്തിയ സുപ്രീംകോടതിയെ അഭിനന്ദിക്കുന്നു.

ഒരു സിനിമയെടുത്താല്‍ പോലും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന നിലയാണ് ഇന്നുളളത്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന ഈ ഘട്ടത്തിലുളള സുപ്രീംകോടതി വിധി ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്നാട് ഗവര്‍ണര്‍ സ്വീകരിച്ച അതേ നിലപാടാണ് കേരളാ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനും സ്വീകരിച്ചിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍മാരുടെ ഇത്തരം നിലപാടുകള്‍ അപലപനീയമാണ്. ഗവര്‍ണര്‍മാര്‍ ചെയ്യാന്‍പാടില്ലാത്ത കാര്യമാണ് ചെയ്തതെന്ന് പരമോന്നതപീഠം നിരീക്ഷിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ പിന്നോട്ടുവലിക്കുന്ന രീതിയിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിച്ചത്.

സര്‍വകലാശാലകള്‍ക്കുളളില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തി. സമാനമായ വിധിപ്രസ്താവം നടത്തിയ സുപ്രീംകോടതിയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.