അരികുവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നത്തെ മറികടക്കാൻ, യുവാക്കൾക്കിടയിലെ സ്‌കിൽ ഗ്യാപ് പരിഹരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തി വരുന്നു. അസാപ് കേരള പോലുള്ള സംവിധാനങ്ങൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. പ്രയോഗത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കി അവരുടെ കാര്യപ്രാപ്തി വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നു, ആദിവാസി പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള അവസരങ്ങളെ കുറിച്ചുള്ള അവബോധം നൽകാനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവോടെ മുന്നേറാനും ഉള്ള പിന്തുണ സർക്കാർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനായി വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സർവ്വകലാശാലയ്ക്ക് കീഴിലുള്ള ട്രൈബൽ സ്റ്റഡി സെന്ററിനെ സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലാ ഭരണകൂടവും, അസാപ് കേരളയും റബ്ഫില ഇന്റർനാഷണലിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സംഘടിപ്പിച്ച സൂപ്പർ 100 പരിപാടിയുടെ സമാപനം ഉദ്ഘടാനം ചെയ്യുകയായിരുന്നു മന്ത്രി.

അസാപ് കേരളയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചതാണ് സൂപ്പർ 100 പ്രോജക്ട്. പട്ടികജാതി വിഭാഗത്തിൽ നിന്നുമുള്ള 108 പെൺകുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കുട്ടികൾക്ക് ശാസ്ത്രത്തോട് അഭിമുഖ്യം തോന്നിപ്പിക്കുക നിലവിലുള്ള തൊഴിൽ അവസരങ്ങൾ എത്രത്തോളം ഉണ്ട് എന്നുള്ളത് മനസ്സിലാക്കി കൊടുക്കുക, ഉപരിപഠനം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക പുതിയ കാഴ്ചകളും അനുഭവങ്ങളും നൽകി അവരുടെ ചിന്തകളുടെ അതിർ വരമ്പുകൾ വലുതാക്കുക തുടങ്ങിയവ ആയിരുന്നു 2024 അഗസ്റ്റ് മാസം ആരംഭിച്ച പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.

വിവിധതരം നൈപുണ്യ പരിശീലന പരിപാടികൾ കഴിഞ്ഞ ഒരു വർഷത്തിൽ നടപ്പിലാക്കുകയുണ്ടായി. ആപ്റ്റിട്യൂട് ടെസ്‌റ്റ്, 100 മണിക്കൂറിന്റെ സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്, 5 ഏകദിന പരിശീലന ക്യാമ്പുകൾ, 3 റെസിഡൻഷ്യൽ ക്യാമ്പുകൾ, 3 എക്‌സ്‌പോഷർ വിസിറ്റുകൾ, സൈക്കോ സോഷ്യൽ കൗൺസിലിംങ്, സിനിമ സ്‌ക്രീനിങ്ങുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നൽകിയതായി മന്ത്രി പറഞ്ഞു.

എ. പ്രഭാകരൻ എം എൽ എ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി, അസാപ് കേരള ഹെഡ് വിജിൽ കുമാർ വി വി, അഗളി ഹെഡ്മിസ്ട്രസ് ഷമിമോൾ ആർ, പഞ്ചായത്ത് അംഗം പദ്മിനി ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.