കൊല്ലം പൂരത്തില്‍ ആര്‍ എസ് എസ് സ്ഥാപകനായ കേശവ് ബല്‍റാം ഹെഡ്‌ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശം. ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത് സ്വകാര്യ വ്യക്തികളാണെന്ന് ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ ക്ഷേത്രോപദേശക സമിതിക്കോ ഇതില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

താമരക്കുളം ഗണപതി ക്ഷേത്രവും പുതിയകാവ് ക്ഷേത്രവുമാണ് കൊല്ലം പൂരത്തിലെ കുടമാറ്റത്തിന് നേതൃത്വം വഹിക്കുന്നത്. ഈ രണ്ട് ക്ഷേത്രങ്ങളും സ്വകാര്യക്ഷേത്രങ്ങളാണ്. പുതിയകാവ് ക്ഷേത്രമാണ് ഹെഡ്ഗേവാറിന്റെ ചിത്രം ഉയര്‍ത്തിയത്. ശ്രീനാരായണ ഗുരു, ബി ആര്‍ അംബേദ്കര്‍, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് നേതാവിന്റെ ചിത്രവും കുടമാറ്റത്തില്‍ ഇടംപിടിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും കുടമാറ്റത്തില്‍ ഇടം പിടിച്ചിരുന്നു.