കൊല്‍ക്കത്തയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മഹാറാലിയുമായി ഇടത് തൊഴിലാളി സംഘടനകള്‍. സി ഐ ടി യു, ഓള്‍ ഇന്ത്യ കിസാന്‍ സഭ, അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു റാലി. തൊഴിലാളി മേഖലയെ ചൂഷണം ചെയ്യുന്ന കേന്ദ്ര തൊഴില്‍ നിയമം പിന്‍വലിക്കണമെന്ന്‌ സംഘടനകള്‍ ആവശ്യപ്പെട്ടു.

കേന്ദ്ര- മമത സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധത്തിനാണ് കൊല്‍ക്കത്ത സാക്ഷ്യം വഹിച്ചത്. സി ഐ ടി യു, ഓള്‍ ഇന്ത്യ കിസാന്‍ സഭ, അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു റാലി. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമം പിന്‍വലിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലാളികള്‍ക്ക് 200 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി സംഘടിപ്പിച്ചത്.

വിവിധ മേഖലകളില്‍ നിന്നായി പതിനായിരത്തിലധികം പേര്‍ റാലിയായി ബ്രിഗേഡിയര്‍ മൈതാനത്ത് എത്തി. ചേരി നിവാസികളെ കുടിയൊഴിപ്പിക്കുന്ന മമത സര്‍ക്കാരിന്റെ നടപടി നിര്‍ത്തലാക്കണമെന്നും കാര്‍ഷികോല്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തി കാര്‍ഷിക മേഖലയെ സംരക്ഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

സംഘര്‍ഷങ്ങളിലൂടെ സാമുദായിക ധ്രുവീകരണം നടത്തുന്ന ബി ജെ പി- മമത കൂട്ടുകെട്ടിനെതിരെയും പ്രതിഷേധം ഉയര്‍ന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, അനാദി സാഹു, അമല്‍ ഹല്‍ദര്‍ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.