ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഇന്ത്യ സന്ദര്‍ശാനുമതി നല്‍കിയില്ലെന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ. സര്‍ക്കാരിന്റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. തുറക്കുന്നില്ലെന്ന് മാര്‍പാപ്പ തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ആഗ്രഹിച്ച പോപ്പിന്റെ സന്ദര്‍ശനം നിര്‍ഭാഗ്യവശാല്‍ നടന്നില്ല. 'സര്‍ക്കാര്‍ വാതില്‍ തുറന്നില്ല, ഇപ്പോള്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നിരിക്കുന്നു' അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് വരാന്‍ കഴിയാത്തതില്‍ മാര്‍പാപ്പക്ക് വലിയ ദുഃഖമുണ്ടായിരുന്നുവെന്ന് താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലും പ്രതികരിച്ചു.
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. പോപ്പിന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവ സമൂഹവും കാത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഇതുവരെ മൂന്ന് പാപ്പല്‍ സന്ദര്‍ശനം മാത്രമാണ് ഉണ്ടായിട്ടുള്ളത്. 1964 ല്‍ പോള്‍ ആറാമനാണ് ആദ്യം ഇന്ത്യയിലെത്തിയ പോപ്പ്. മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.
1999-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ 1986 ഫെബ്രുവരിയിലും 1999 നവംബറിലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനവും അക്രമവും വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും.