വേനൽക്കാലമായതിനാൽ കേരളത്തിൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ്. ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് മുന്നറിയിപ്പ് നൽകി. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

വയറിളക്കം, ഛർദി, നിർജ്ജലീകരണം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും, രോഗം പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കണമെന്നും ഇതിനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം കോളറ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ഒരാൾ മരണപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് കനത്ത ജാഗ്രത നിർദേശം നൽകിയത്. നിലവിൽ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകിയതായും മന്ത്രി അറിയിച്ചു.