ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിൽ വെടിനിർത്തൽ ധാരണയായതിന് പിന്നാലെ റഷ്യ - യുക്രൈൻ യുദ്ധത്തിലും സമാധാന സന്ദേശം എത്തി. യുക്രൈനുമായി നേരിട്ടുള്ള ചർച്ചകൾക്ക് സമ്മതമറിയിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുടിൻ തന്നെ രംഗത്തെത്തിയത്. സമാധാനം പുനസ്ഥാപിക്കാനാണ് ശ്രമമെന്ന് രാത്രി വൈകി നടത്തിയ ടെലിവിഷൻ അഭിസംബോധനയിൽ പുടിൻ വ്യക്തമാക്കി.യൂറോപ്യൻ യൂണിയൻ നേതാക്കൾ യുക്രൈൻ സന്ദർശിച്ചതിന് പിന്നാലെയാണ് പുടിൻ തീരുമാനം പ്രഖ്യാപിച്ചത്.

ഈ മാസം 15 ന് മുൻപായി ചർച്ചകൾക്ക് തുടക്കമാകുമെന്നും യുക്രൈനും റഷ്യക്കുമിടയിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാനുള്ള ചർച്ചകൾക്കാണ് ശ്രമിക്കുന്നതെന്നും ടെലിവിഷൻ അഭിസംബോധനയിലൂടെ പുടിൻ അറിയിച്ചു. അതേസമയം ഇത് വരെ റഷ്യ മുന്നോട്ട് വെച്ച ഒരു വെടി നിർത്തൽ കരാറുകളോടും യുക്രൈൻ പ്രതികരിച്ചിട്ടില്ലെന്നും പുടിൻ കുറ്റപ്പെടുത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണും യുക്രൈൻ സന്ദർശിച്ച് വെടി നിർത്തൽ കരാറിന് റഷ്യ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പുടിൻറെ പ്രഖ്യാപനം. എന്നാൽ പുടിൻറെ പ്രഖ്യാപനത്തോട് യുക്രൈൻ ഇത് വരെ പ്രതികരിച്ചിട്ടില്ല.