പാകിസ്ഥാനെതിരായ സൈനിക നടപടിക്കിടെ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് സൈന്യം. പാക് ആക്രമണത്തില്‍ വിരമൃത്യു വരിച്ച സൈനികര്‍ക്കും സാധാരണക്കാര്‍ക്കും സൈന്യം ആദരാഞ്ജലി അര്‍പ്പിച്ചു.

ഡെല്‍ഹിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ''എന്റെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും സായുധ സേനയിലെ സഹോദരന്മാര്‍ക്കും, ദാരുണമായി ജീവന്‍ നഷ്ടപ്പെട്ട സാധാരണക്കാര്‍ക്കും ഞാന്‍ എന്റെ ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുഃഖിതരായ കുടുംബങ്ങള്‍ക്കായി ഞങ്ങളുടെ ഹൃദയം നുറുങ്ങുന്നു... ഞങ്ങള്‍ അവരോട് ഞങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അവരുടെ ജീവിതത്തിലെ ഈ ഗുരുതരമായ ഘട്ടത്തില്‍, നന്ദിയുള്ള ഒരു രാഷ്ട്രം അവരുടെ ത്യാഗങ്ങളെ എപ്പോഴും ഓര്‍മ്മിക്കുകയും ഉജ്ജ്വലമായ വാക്കുകളില്‍ സംസാരിക്കുകയും ചെയ്യും,'' ഓഫീസര്‍മാരില്‍ ഒരാള്‍ പറഞ്ഞു.

മെയ് 7 നും മെയ് 10 നും ഇടയില്‍ നിയന്ത്രണ രേഖയില്‍ നടന്ന പീരങ്കികളും ചെറു ആയുധങ്ങളും ഉപയോഗിച്ചുള്ള വെടിവെയ്പ്പില്‍ പാകിസ്ഥാന്‍ സൈന്യത്തിന് ഏകദേശം 35 മുതല്‍ 40 വരെ സൈനികരെ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂരിനെയും അതിന്റെ ആഘാതത്തെയും കുറിച്ച് എയര്‍ മാര്‍ഷല്‍ എ കെ ഭാരതി, ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്, മേജര്‍ ജനറല്‍ എസ് എസ് ശര്‍മ്മ, വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.