കോൺഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന കെ. സുധാകരന് പരസ്യമായി മറുപടി നൽകേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പ്രതികരണങ്ങൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും പുതിയ നേതൃത്വത്തെ പ്രശംസിച്ചാണ് കെ. സുധാകരന്റെ ആദ്യ പ്രതികരണം വന്നത്. എന്നാൽ തുടർന്നങ്ങോട്ട് അങ്ങനെ ആയിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും വരാനിരിക്കുന്നതിനാൽ, ഈ പ്രതികരണങ്ങൾ പാർട്ടിയെ വലിയ കുഴപ്പത്തിലാക്കിയിട്ടുണ്ട്.

സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് പരസ്യ പ്രതികരണം നൽകേണ്ടതില്ലെന്ന നേതൃത്വത്തിന്റെ തീരുമാനം. സുധാകരന്റെ പ്രതികരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് നേതാക്കൾ ഒഴിഞ്ഞുമാറുകയാണ്. മാധ്യമങ്ങളെ കണ്ട യു.ഡി.എഫ് കൺവീനർ, തങ്ങൾ ഒറ്റക്കെട്ടാണ് എന്ന ഉത്തരം ആവർത്തിക്കുക മാത്രമാണ് ചെയ്തത്.