കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിൽ തന്റെയും ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. ജെസിബി കൊണ്ടുവന്ന് തിരച്ചില്‍ നടത്തണമെന്ന് തന്നെയാണ് താൻ നിർദേശിച്ചതെന്നും തിരച്ചില്‍ നിര്‍ത്തിവയ്ക്കണമെന്നോ അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ആളില്ലെന്നോ ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവസ്ഥലത്ത് ഹിറ്റാച്ചി കയറി വരാന്‍ സ്ഥലമുണ്ടായിരുന്നില്ല. കെട്ടിടം ഇടിഞ്ഞുവീഴുമെന്ന് ആരോഗ്യമന്ത്രി അറിഞ്ഞിരുന്നില്ലല്ലോ എന്നും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം മന്ത്രി വീണാ ജോര്‍ജ് ഏറ്റെടുക്കണമെന്ന് പിന്നെ എങ്ങനെ പറയാന്‍ സാധിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ ചോദിച്ചു. പുരയ്ക്ക് തീകത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനം ചിലരെങ്കിലും സ്വീകരിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം പാവങ്ങള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന കോട്ടയം മെഡിക്കല്‍ കോളജിനെ ആകെ തകര്‍ക്കുന്ന തരം പ്രചാരണങ്ങള്‍ ഗുണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോട്ടയം മെഡിക്കല്‍ കോളജ് ഇന്ത്യയില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മെഡിക്കല്‍ കോളജാണ്. ഇന്നലെ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം നടന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാതെ നോക്കും. പുതിയ എട്ട് നില കെട്ടിടത്തിലേക്ക് ആളുകളെ മാറ്റിത്തുടങ്ങിയെന്നും ഉദ്ഘാടനത്തിനായി കാത്തിരിക്കേണ്ടെന്നായിരുന്നു മന്ത്രിമാരുടെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.