വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രതികരിച്ച് മകന്‍ വി എ അരുണ്‍ കുമാര്‍. അച്ഛന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയായിരുന്നുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
ആര് ചോദിക്കുമ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് പങ്കുവെച്ചത്. പെട്ടെന്നാണ് കാര്യങ്ങള്‍ കൈവിട്ടുപോയതെന്നും അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനെ സ്‌നേഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ അവസാന യാത്രയില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞോ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ കഴിഞ്ഞോ എന്ന് അറിയില്ലെന്നും വി എ അരുണ്‍ കുമാര്‍ കൂട്ടിച്ചേർത്തു.
വലിയ ചുടുകാട് എത്തും വരെ ആളുകള്‍ കാത്തുനിന്ന് സ്വീകരിച്ചു. അച്ഛന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അത് അംഗീകരിക്കാന്‍ കുറച്ചു സമയമെടുക്കുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. വി എസിന്റെ വിയോഗത്തിന് പിന്നാലെ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണെന്നും കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലര്‍ത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയെന്നും അരുണ്‍കുമാര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.