2006 ലെ മുംബൈ ട്രെയിൻ ബോംബ് സ്‌ഫോടനക്കേസിൽ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി താൽക്കാലികമായി നിർത്തിവച്ചു . ഹൈക്കോടതിയുടെ കുറ്റവിമുക്തമാക്കൽ ഒരു കീഴ്‌വഴക്കമായി കണക്കാക്കരുതെന്ന് പറഞ്ഞ സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ പ്രതികൾക്ക് നോട്ടീസ് അയച്ചു. എന്നാൽ കുറ്റവിമുക്തരാക്കപ്പെട്ട 12 പേരെ വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
കുറ്റവിമുക്തനാക്കലിന് സ്റ്റേ അനുവദിക്കുന്നത് “അപൂർവങ്ങളിൽ അപൂർവമായ” സംഭവമാണെന്ന് സുപ്രീം കോടതി പറഞ്ഞു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മക്കോക്ക) പ്രകാരമുള്ള മറ്റ് വിചാരണകളെയും ഹൈക്കോടതി വിധി ബാധിച്ചേക്കാമെന്ന് മഹാരാഷ്ട്രയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞതിനെ തുടർന്നാണ് സുപ്രീം കോടതി ഉത്തരവ്.
2006 ജൂലൈ 11 ന് മുംബൈയിലെ ഏഴ് ലോക്കൽ ട്രെയിനുകളിലായി ഉണ്ടായ ബോംബ് സ്ഫോടന പരമ്പരയിൽ 189 പേർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 2015 ൽ പ്രത്യേക കോടതി 13 പ്രതികളിൽ അഞ്ച് പേർക്ക് വധശിക്ഷ വിധിക്കുകയും ,ഏഴ് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ,ഒരാളെ വെറുതെ വിടുകയും ചെയ്തിരുന്നു. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ ഒരാൾ 2021 ൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.