കേരളത്തിലെ ദേശീയപാത 66ൽ 15 ഇടങ്ങളിൽ തകരാറുകൾ കണ്ടെത്തിയതായി വ്യക്തമാക്കി കേന്ദ്രം. കൂരിയാട് ദേശീയപാത തകർച്ചക്ക് ശേഷം നിയോഗിച്ച ആദ്യ സമിതി സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കൂരിയാട് സംരക്ഷണഭിത്തി തകർന്നതടക്കം 15 തകരാറുകളാണ് സർക്കാർ പാർലമെൻ്റിനെ അറിയിച്ചത്.

പാർലമെന്റിൽ കെസി വേണുഗോപാലിൻ്റെ ചോദ്യത്തിന് ആണ് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകിയത്. രണ്ടാമത്തെ സംഘത്തിൻ്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കൂരിയാട് സംഭവത്തിനുശേഷം രണ്ട് സമിതികളെയാണ് ദേശീയപാതയിലെ തകരാറുകൾ കണ്ടെത്താനായി നിയോ​ഗിച്ചിരുന്നത്. ഇതിൽ ആദ്യ സമിതിയുടെ റിപ്പോർട്ടാണ് നിലവിൽ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

ദേശീയപാത 66ൽ എത്രയിടങ്ങളിൽ തകരാറുകൾ ഉണ്ടായിരുന്നു എന്ന കെസി വേണുഗോപാലിൻ്റെ ചോദ്യത്തിനാണ് മന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകിയത്. സംരക്ഷണ ഭിത്തിയിൽ ഉൾപ്പടെ 15 ഇടങ്ങളിലാണ് ചെറുതും വലുതുമായ തകരാറുകൾ കണ്ടെത്തിയിരിക്കുന്നത്. ഇത് പരിഹരിക്കാനുള്ള ഉത്തരവാദിത്തം കരാറുകാർക്കാണെന്നും മന്ത്രി വ്യക്തമാക്കി.